സംരക്ഷണ ഭിത്തിക്കിടയിൽ മരങ്ങൾ; കരിങ്കൽക്കെട്ടിനും ജനങ്ങൾക്കും ഭീഷണി
1538612
Tuesday, April 1, 2025 6:57 AM IST
പോത്താനിക്കാട്: റോഡ് സംരക്ഷണ ഭിത്തിക്കുള്ളിലെ കൂറ്റൻ ആഞ്ഞിലി മരങ്ങൾ കരിങ്കൽകെട്ടിനും ജനങ്ങൾക്കും ഭീഷണി. ശബരിമല - കൊടൈക്കനാൽ സംസ്ഥാന ഹൈവേയുടെ (എസ്.എച്ച്.44) ഭാഗമായ ഊന്നുകൽ - വെങ്ങല്ലൂർ റോഡിൽ പൈങ്ങോട്ടൂർ കുറവക്കാട്ട് കവലയ്ക്ക് സമീപം പുതുതായി നിർമിച്ച സംരക്ഷണ ഭിത്തിക്കുളളിലാണ് രണ്ട് കൂറ്റൻ മരങ്ങൾ ഭീഷണിയായി നിൽക്കുന്നത്.
പാർശ്വഭിത്തികൾ ഇടിഞ്ഞ് അപകടം പതിവായിരുന്ന ഇവിടെ പുറന്പോക്കിൽ നിന്ന മരങ്ങൾ മുറിച്ചുമാറ്റാതെ നിർമിച്ച കരിങ്കൽ ഭിത്തി ബലവത്തല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉദ്ദേശം 70 മീറ്റർ നീളമുള്ള ഇവിടെ കല്ലുകൾ പരസ്പരം ബന്ധിപ്പിച്ച് ഒറ്റനിരയ്ക്കാണ് ഭിത്തി നിർമിക്കേണ്ടിയിരുന്നത്. എന്നാൽ മരങ്ങൾ അവിടെതന്നെ നിലനിർത്തി മൂന്ന് ഭാഗങ്ങളായി കരിങ്കൽ ഭിത്തികൾ നിർമിക്കുകയായിരുന്നു.
ഇതുമൂലം ഭാരവണ്ടികൾ കയറുന്പോൾ പാർശ്വഭിത്തികൾ ഇടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റി പാർശ്വഭിത്തി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.