സ്വർഗത്തിലെ കനി കുമ്പളങ്ങിയിലും
1538833
Wednesday, April 2, 2025 4:12 AM IST
കുമ്പളങ്ങി: സ്വർഗത്തിലെ കനി കുമ്പളങ്ങിയിലും വിളഞ്ഞു. കുമ്പളങ്ങി പഞ്ചായത്തിൽ ഇല്ലിക്കൽ സ്വരാജ് ലിങ്ക് റോഡിലുള്ള ജേക്കബിന്റെ വീട്ടിലാണ് സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ‘ഗാഗ്’ ഫ്രൂട്ടുകൾ വിളഞ്ഞു നിൽക്കുന്നത്. ജേക്കബ് വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ വിവിധ വർണങ്ങളിലുള്ള നൂറ് കണക്കിന് ഗാഗ് ഫ്രൂട്ടുകളാണ് വിളഞ്ഞു പാകമായി നിൽക്കുന്നത്.
ചെടിയിൽ ഉണ്ടാകുന്ന കായകൾക്ക് ആദ്യം പച്ചനിറമായിരിക്കും. വളർച്ച രണ്ടാം ഘട്ടത്തിലെത്തുമ്പോൾ മഞ്ഞയാകും. കുറച്ചുകൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലും വിളവെടുപ്പിന് പാകമാകുന്നതോടെ ചുവപ്പ് നിറവുമാകും.
ജേക്കബിന്റെ സഹോദരൻ നൽകിയ വിത്ത് നട്ടാണ് ചെടി മുളപ്പിച്ചെടുത്തത്. വള്ളിപ്പടർപ്പുപോലെ പടർന്നുപോകുന്നവയാണ് ഗാഗ് ചെടി. ചെടി വളർന്ന് വർഷം മൂന്നായിട്ടും കായ പിടിച്ചില്ല. ആൺ, പെൺ എന്നിങ്ങനെ രണ്ടിനങ്ങളിലാണ് ഗാഗ്ഫ്രൂട്ട് ചെടിയുള്ളതെന്ന് മനസിലാക്കിയ ജേക്കബ് ചെടിയിൽ പരാഗണം നടക്കുന്നതിനായി സഹോദരന്റെ വീട്ടിലുണ്ടായിരുന്ന ആൺ ചെടി വീട്ടിൽ കൊണ്ടുവന്നു നട്ടു.
തുടർന്നാണ് ചെടിയിൽ കായ്പിടിച്ചത്. ആവശ്യത്തിന് സൂര്യപ്രകാശവും ചാണകമല്ലാതെ കാര്യമായ മറ്റു വളമൊന്നും വേണ്ടെന്നുമാണ് ജേക്കബ് പറയുന്നത്. രണ്ട് നേരം നനയ്ക്കാറുണ്ടെന്ന് ഭാര്യ ക്രിസ്റ്റീന പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യയിലും വിയറ്റ്നാമിലുമാണ് ഗാഗ് ഫ്രൂട്ട് സാധാരണയായി വിളയുന്നത്. ഒരു ചെടിയിൽനിന്നു വർഷങ്ങളോളം കായ്ഫലം ലഭിക്കും. കിലോയ്ക്ക് 1000 മുതൽ 1500 രൂപ വരെയാണ് വിപണിയിലെ വില. മുൻ പഞ്ചായത്തംഗമാണ് ജേക്കബ്.