തമ്മനം-പുല്ലേപ്പടി റോഡ് സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്നു
1538626
Tuesday, April 1, 2025 6:57 AM IST
കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലില്‍ മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ കൗണ്‍സിലര്‍മാരെ അറിയിച്ചു.
മുടങ്ങിയും മുടന്തിയും നീങ്ങുന്ന തമ്മനം-പുല്ലേപ്പടി റോഡ് വികസനം വേഗതയിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടലിന് നഗരസഭയുടെ ഈ അഭ്യര്‍ഥ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കൗണ്‍സിലര്‍മാര്‍.
തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തിന്റെ രണ്ടാംഘട്ട ഭൂമിഏറ്റെടുക്കലിനായുള്ള സാമൂഹിക ആഘാത പഠനത്തിന് റവന്യൂ വകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചു. എന്‍എച്ച് ബൈപ്പാസിലെ ചക്കരപ്പറമ്പ് മുതല്‍ പുല്ലേപ്പടി വരെ 3.92 ഹെക്ടര്‍ ഭൂമിയാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏറ്റെടുക്കുന്നത്. റോഡ് നിര്‍മാണത്തിനായി നഗരസഭ ഇതിനകം 54.79 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
എസ്എ റോഡിലും ബാനര്‍ജി റോഡിലുമുള്ള ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിഭാവനം ചെയ്ത പദ്ധതിയാണ് തമ്മനം-പുല്ലേപ്പടി റോഡ്. ദേശീയ പാത 66ലെ ചക്കരപ്പറമ്പ് മുതല്‍ എംജി റോഡ് പത്മ ജംഗ്ഷന് വരെ നീളുന്ന 3.68 കിലോമീറ്ററില്‍ നാലുവരി പാതയാണ് പദ്ധതിയുടെ വികസനിപ്പിക്കുന്നത്.
320 കോടിയാണ് പദ്ധതി ചെലവ്. ഭൂമി ഏറ്റെടുക്കാനായി കിഫ്ബി 93.89 കോടി രൂപ അനുവദിച്ചിരുന്നു. എറണാകുളം, എളംകുളം, പൂണിത്തുറ വില്ലേജുകളിലെ 84 സ്ഥല ഉടമകള്‍ 163.11 ആര് ഭൂമി സൗജന്യമായി നല്കി. 54.79 ആര് ഭൂമി കോര്പറേഷന് പണം കൊടുത്ത് ഏറ്റെടുത്തു. ആകെ 217.90 ആര് ഭൂമിയാണ് ഇപ്പോള്‍ പദ്ധതിക്കായി കൈമാറുന്നത്. മൂന്ന് ഹെക്ടര്‍ ഭൂമികൂടി ഇനി ഏറ്റെടുക്കേണ്ടതായുണ്ട്.