ആലുവ നഗരസഭാ ശതാബ്ദി ആഘോഷ കണക്ക്: ഓംബുഡ്സ്മാനും ഇടപെടുന്നു
1538619
Tuesday, April 1, 2025 6:57 AM IST
ആലുവ: ശതാബ്ദി ആഘോഷങ്ങളുടെ യഥാർഥ വരവ് ചെലവ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനും ഇടപെടുന്നു. സംഘാടക സമിതിയംഗങ്ങൾക്ക് നോട്ടീസ് അയയ്ക്കുമെന്ന് എറണാകുളത്ത് നടന്ന ആദ്യ സിറ്റിംഗിൽ ആലുവ നഗരസഭ ചെയർമാൻ, സെക്രട്ടറി, പരാതിക്കാരൻ എന്നിവരെ ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.ഡി. രാജൻ നേരിട്ട് ഈ വിവരം അറിയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓംബുഡ്സ്മാനും വിഷയത്തിൽ ഇടപെടുന്നത്. ഒരു വർഷം നീണ്ടുനിന്ന ആലുവ നഗരസഭ ശതാബ്ദിയാഘോഷങ്ങളുടെ ചെലവിനായി നിരവധി സ്ഥാപനങ്ങളിൽനിന്ന് സംഭാവന വാങ്ങിയിട്ടുണ്ട്. ഇവയെല്ലാം പുതിയ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്തത്.
ആലുവ നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ സെക്രട്ടറിയുടെ ഒപ്പില്ലാതെയാണ് ഇടപാടുകൾ നടന്നിരിക്കുന്നത്. 1.25 കോടി രൂപയുടെ ഇടപാട് നടന്നിരിക്കുന്നതെന്നും യഥാർഥ കണക്കുകൾ ധനകാര്യ സ്ഥിരം സമിതിയിലോ കൗൺസിൽ യോഗത്തിലോ വച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതംഗീകരിച്ചാണ് സംഘാടക സമിതിക്ക് ഓംബുഡ്സ്മാൻ നോട്ടീസ് അയയ്ക്കുന്നത്.
ആലുവ നഗരസഭ ധനകാര്യ സ്ഥിരംസമിതി, നഗരസഭാ കൗൺസിൽ എന്നിവരുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ആലുവ നഗരസഭ സെക്രട്ടറിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സിറ്റിംഗിൽ ആഘോഷ കമ്മിറ്റിയംഗങ്ങളുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും ഓംബുഡ്സ്മാൻ തുടർ നടപടികൾ എടുക്കുക.
അതേസമയം തനത് ഫണ്ട് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ധനകാര്യ സ്ഥിരം സമിതിയുടെ അംഗീകാരം സാമ്പത്തിക ഇടപാടുകൾക്ക് വേണ്ടയെന്നാണ് സംഘാടക സമിതിയുടെ വാദം. എന്നാൽ അതേ അക്കൗണ്ടിലേക്ക് മറ്റ് നഗരസഭയിൽ നിന്നുള്ള സംഭാവനയും സ്വീകരിച്ചിട്ടുണ്ട്. അതിനാൽ ബാങ്ക് അക്കൗണ്ട് ഔദ്യോഗികമാണെന്നും ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും പരാതിക്കാരനായ പൊതുപ്രവർത്തകൻ പത്മകുമാർ പറയുന്നു. തന്റെ കാലഘട്ടത്തിലല്ല ബാങ്ക് അക്കൗണ്ട് തുറന്നതെന്ന നിലപാടാണ് നിലവിലെ സെക്രട്ടറിക്കുള്ളത്.