പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് വീണ്ടും ഒന്നാമതെത്തി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
1538842
Wednesday, April 2, 2025 4:25 AM IST
കോതമംഗലം: സംസ്ഥാനത്ത് പദ്ധതി നിർവഹണത്തിൽ വീണ്ടും ഒന്നാം സ്ഥാനം കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്. കഴിഞ്ഞ വർഷവും സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. വിസ്തൃതിയിൽ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിലും ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിലും മുഴുവൻ പദ്ധതി തുക ചെലവഴിക്കാൻ സാധിച്ചത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമം മൂലമാണ് സാധിച്ചതെന്ന് പ്രസിഡന്റ് പി.എ.എം. ബഷീർ പറഞ്ഞു.
2024-2025 വർഷത്തിൽ 10.01 കോടി ചെലവഴിച്ചാണ് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാമതെത്തിയത്. പട്ടികജാതി-വർഗം, ജനറൽ, സിഎഫ്സി ഗ്രാന്റ് ഇവയിൽ എല്ലാം നൂറു ശതമാനം ചെലവഴിച്ചു. ഈ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഒന്നാം സ്ഥാനം നേടി. ക്ഷീരമേഖലയിൽ കൂടുതൽ തുക ചെലവഴിച്ചതിനു ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷവും അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് പി.എ.എം. ബഷീർ കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ, അംഗങ്ങളായ നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, ബിഡിഒ സി.ഒ. അമിത, ജോയിന്റ് ബിഡിഒ മാരായ എം.എസ്. സിദ്ദിഖ്,
എം.എസ്. മനോജ്, എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.ആർ. രാജേഷ്, ആൽബി ജോർജ്, കൃഷി അസിസ്റ്റർ ഡയറക്ടർ പ്രിയമോൾ തോമസ്, സിഡിപിഒമാരായ പിങ്കി കെ. അഗസ്റ്റിൻ, ജിഷ ജോസഫ്, ഡയറി ഓഫീസർ ജിയോ തോമസ്, പട്ടികജാതി വികസന ഓഫീസർ കെ.എ. ജെയിംസ്, അസിസ്റ്റന്റ് എൻജിനീയർ അനീഷ് സത്യൻ എന്നിവർ പ്രസംഗിച്ചു.