മാലിന്യ നിക്ഷേപത്തിനെതിരെ മാലിന്യത്തിൽ കിടന്ന് പ്രതിഷേധം
1538848
Wednesday, April 2, 2025 4:31 AM IST
മൂവാറ്റുപുഴ: സിവിൽ സ്റ്റേഷൻ ഇസിഎച്ച്എസ് റോഡിലെ ഇരുവശങ്ങളിലായി വലിച്ചെറിയുന്ന മാലിന്യ നിക്ഷേപത്തിനെതിരെ പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി മൂന്നു മണിക്കൂർ മാലിന്യക്കൂനയിൽ കിടന്ന് പ്രതിഷേധിച്ചു.
നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യമുക്തി നേടിയതിന്റെ അവാർഡ് സ്വീകരിക്കുന്ന തിരക്കിലാണ് ഇപ്പോൾ. എന്നാൽ താലൂക്ക് ഭരണ സിരാകേന്ദ്രത്തിന്റെ വശത്തുള്ള പായിപ്ര പഞ്ചായത്തും മൂവാറ്റുപുഴ നഗരസഭയും അതിര് ഇടുന്ന പ്രധാന റോഡിൽ ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുകയാണ്. ഇതുമൂലം ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
പ്രദേശവാസികളും സഞ്ചാരികളും മൂക്കു പൊത്തിയാണ് ഇതുവഴി കടന്നു പോകുന്നത്. വിമുക്തഭടന്മാരുടെ ആശുപത്രിയും കാന്റിനും തൊട്ടടുത്താണ്. ഇവിടെ വരുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇതു ശല്യമായി മാറുന്നുണ്ട്.
ഈ സാഹചര്യത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും ഇവ നീക്കം ചെയ്യാൻ അധികാരികൾ തയാറാകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചതെന്ന് എം.ജെ. ഷാജി പറഞ്ഞു.