ഓട്ടിസം ചര്‍ച്ചകളുണര്‍ത്തി ‘പ്രയത്ന'യുടെ ഫേസ് പെയിന്റിംഗ് കാമ്പയിന്
1538817
Wednesday, April 2, 2025 4:01 AM IST
കൊച്ചി: ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ ‘പ്രയത്ന'(കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിഡിസിപ്ലിനറി കേന്ദ്രം) നേതൃത്വത്തില്‍ പനമ്പള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് കാമ്പയിൻ ശ്രദ്ധേയമായി. ഓട്ടിസമുള്ളവരെ അംഗീകരിക്കാനും മനസിലാക്കാനും സമൂഹത്തെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ മുഖത്ത് ഛായാചിത്രങ്ങള്‍ വരച്ച് കുട്ടികളും മുതിര്‍ന്നവരും കാമ്പയിനിന്റെ ഭാഗമായി.
ഓട്ടിസത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന നീല നിറമാണ് ഫെസ് പെയിന്റിംഗിനും ഉപയോഗിച്ചത്. ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 30 വരെ പ്രയത്നയില്‍ സൗജന്യ ഓട്ടിസം സ്ക്രീനിംഗ് ഉണ്ടായിരിക്കും.
മുഖത്ത് ചായങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുക മാത്രമല്ല, വലിയൊരു സന്ദേശം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്ന് 'പ്രയത്ന' സ്ഥാപകന്‍ ഡോ. ജോസഫ് സണ്ണി കുന്നശേരി പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി ഓട്ടിസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.