പേങ്ങാട്ടുശേരി കലുങ്ക്: ജലസേചന വകുപ്പ് അഞ്ച് സെന്റ് വിട്ടുനൽകും
1538832
Wednesday, April 2, 2025 4:12 AM IST
ആലുവ: പെരിവാലി ഇറിഗേഷൻ കനാലിന് കുറുകെ കലുങ്ക് നിർമിക്കാൻ ജലസേചന വകുപ്പ് അഞ്ച് സെന്റ് സ്ഥലം വിട്ടുകൊടുക്കും. എടത്തല പേങ്ങാട്ടുശേരി ഇൻഡസ്ട്രിയൽ മേഖലയിലെ കലുങ്ക് നിർമിക്കാനാണ് സ്ഥലം വിട്ടുകൊടുക്കുന്നത്.
ഇന്നലെ രാവിലെ ജില്ലാ കളക്ടർ നിർമാണം നടത്തേണ്ട സ്ഥലം സന്ദർശിച്ചപ്പോഴാണ് സ്ഥലം വിട്ടുകൊടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. 2020ൽ ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. സ്വകാര്യ സ്ഥലം വാങ്ങാനായി 60 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
വാഹന ഗതാഗതത്തിനാവശ്യമായ വീതിയില്ലാത്തതിനാലാണ് കൂടുതൽ വീതിയിൽ പുതിയ കനാൽ പാലം പണിയാൻ തീരുമാനിച്ചതെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. 12 മീറ്ററിന്റെ ഒറ്റസ്പാനിൽ ഒരു വശത്ത് ക്രാഷ് ബാരിയറും മറുവശത്ത് 1.5 മീറ്റർ നടപ്പാതയും 7.5 മീറ്റർ കാര്യേജ് വേയും ഉൾപ്പെടെ 9.75 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്.
സ്വകാര്യ വക്തിയുടെ സ്ഥലംകൂടി വാങ്ങിച്ച ശേഷമാണ് കലുങ്ക് നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിക്കുക.