കൊരട്ടിയില്‍ കേരള കോണ്‍-എം ജനകീയ കാമ്പയിന്
1538622
Tuesday, April 1, 2025 6:57 AM IST
കൊരട്ടി: സ്ലാബ് പണിയാന്‍ അറിയാത്തവന് പാലം പണിയേണ്ട എന്ന കാമ്പയിന് ഉയര്‍ത്തി നാഷണല്‍ ഹൈവേ അഥോറിറ്റിക്കും കരാര്‍ കമ്പനിക്കുമെതിരെ കേരള കോണ്‍ഗ്രസ്-എം കൊരട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്.
കൊരട്ടിയിലും ചിറങ്ങരയിലും മുരിങ്ങൂരിലും ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികളില്‍ കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൃത്യവിലോപം കാണിക്കുന്ന നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുക, കരാറുകാരന് ഒത്താശ ചെയ്യുന്ന എന്‍എച്ച്എഐ അധികൃതരെ പ്രോസിക്യൂട്ട് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ വൈകിട്ട് പ്രതിഷേധാഗ്നി തെളിച്ചത്.
ഇരുചക്രവാഹനം കയറിയാല്‍ പോലും സ്ലാബുകള്‍ തകരുന്ന സ്ഥിതിയാണ് മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലൂടെ വ്യക്തമാകുന്നതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. ചിറങ്ങരയില്‍ ആറിലേറെ സ്ഥലങ്ങളില്‍ സ്ലാബുകള്‍ തകര്‍ന്ന് വീണതും കൊരട്ടിയില്‍ എൻഎച്ചില്‍ നിന്നും റെയില്‍വേ മേല്‍പ്പാലത്തിലേക്കുള്ള റോഡിനു കുറുകെ നിര്‍മിച്ച കാന, ഭാരവണ്ടി കയറിയതുമൂലം നിലംപൊത്തിയതും കരാര്‍ കമ്പനിയുടെ കെടുകാര്യസ്ഥയുടെ ഉത്തമ ദൃഷ്ടാന്തമാണെന്നും സമരത്തില്‍ ആരോപണമുയര്‍ന്നു.
കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നീസ് കെ.ആന്റണി പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി.രാജു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, സി പി എം ഏരിയ കമ്മിറ്റി അംഗം കെ.പി.തോമസ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ബെന്നി ജോസഫ്, എന്‍.ഐ. തോമസ്, എ.എ. ബിജു, എം.ജെ. ബെന്നി, മനോജ് നാല്പാട്ട്, പോള്‍ അരിമ്പിളളി, എം.ഡി.പോള്‍, ജോസഫ് വര്‍ഗീസ്, ബേബി തെക്കന്‍, ജിനോ പ്ലാശേരി, ഷനോജ് ചാക്കോ, ജോണി പറമ്പി എന്നിവര്‍ പ്രസംഗിച്ചു.