എഎസ്പിയുടെ മെയിലിൽനിന്ന് വ്യാജ സന്ദേശം; പോലീസുകാരനെ സ്ഥലം മാറ്റി
1538628
Tuesday, April 1, 2025 6:57 AM IST
പെരുമ്പാവൂർ: എഎസ്പിയുടെ ഇ-മെയിലിൽനിന്ന് വ്യാജ സന്ദേശം അയച്ച പോലീസുകാരനെ സ്ഥലം മാറ്റി. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ സീനിയർ കോൺസ്റ്റബിൾ വി.എസ്. ഷർണാസിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഞാറയ്ക്കൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
എഎസ്പിയുടെ മെയിലിൽ നിന്ന് ഷർണാസ് തന്റെ സഹോദരന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് പുനസ്ഥാപിക്കാനായി ബാങ്കിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. അതിനു ശേഷം ഡിലീറ്റും ചെയ്തു. മെസേജ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാർ എഎസ്പിയെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എഎസ്പിയുടെ മെയിലിൽ നിന്നു വ്യാജ മെസേജ് അയച്ചിരുന്നതായി കണ്ടെത്തുകയും ഷർണാസിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.
ബംഗാളിൽ ക്രിമിനൽ കേസിൽ പെട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സഹോദരനെ രക്ഷപ്പെടുത്തുന്നതിനാണ് വ്യാജ കത്ത് തയാറാക്കിയതെന്നാണ് കണ്ടെത്തൽ. എഎസ്പിയുടെ മെയിലിൽ നിന്നും ബംഗാൾ പോലീസിനും വ്യാജ കത്തയച്ചതായി വിവരമുണ്ട്. കുന്നത്തുനാട് സ്റ്റേഷനിൽ ചാർജുള്ള ഷർണാസിനെ താത്കാലികമായാണ് എഎസ്പിയുടെ ഓഫീസിൽ നിയമിച്ചത്. ഇതിനിടെയാണ് വ്യാജ സന്ദേശം അയച്ചതും പിടിയിലാകുന്നതും.