വചനത്തിലൂടെ നാം ദൈവത്തിലേക്കടുക്കണം: ഫാ. ജോസഫ് കല്ലറയ്ക്കൽ
1538608
Tuesday, April 1, 2025 6:56 AM IST
കോതമംഗലം : തിരുവചനത്തിലൂടെ നാം ദൈവത്തെ കാണണമെന്നും അതുവഴി ദൈവത്തിലേക്കടുക്കണമെന്നും കോതമംഗലം രൂപത വിശ്വാസ പരിശീലനം ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ. വിദ്യാർഥികൾക്കുള്ള അവധിക്കാല പരിശിലനം ‘വിശ്വാസോത്സവം- 25’ കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വചനം നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിശുദ്ധരെയും പ്രവാചകരെയും നമ്മൾ മാതൃകയാക്കണമെന്നും അദ്ദേഹം ഉദ്ബോദിപ്പിച്ചു.
വിശ്വാസവളർച്ചയ്ക്കും ദൈവത്തെ കണ്ടെത്തുന്നതിനും ഉപകരിക്കുന്ന പാഠ്യഭാഗങ്ങളാണ് വിശ്വാസോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്റെ ദൈവം എന്നർഥമുള്ള ‘ഏലോഹിം’ എന്ന പേരിലാണ് ഈ വർഷം വിശ്വാസോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വാസോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ രൂപതാ ഡയറക്ടറെ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലും സണ്‍ഡേ സ്കൂൾ അധ്യാപകരും ചേർന്ന് സ്വീകരിച്ചു.
ഉദ്ഘാടനത്തിനു ശേഷം സൺഡേ സ്കൂൾ അധ്യാപകർ കാഴ്ചസമർപ്പണം നടത്തി. തുടർന്ന് രൂപതാ ഡയറക്ടർ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം പുതിയതായി നിർമിച്ച സണ്‍ഡേ സ്കൂൾ ഓഫീസിന്റെ ഉദ്ഘാടനം ഫാ. ജോസഫ് കല്ലറയ്ക്കൽ നിർവഹിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജിൻസി ജോമോൻ, സ്റ്റാഫ് സെക്രട്ടറി ലിനു ഷിബി, ജോസ് കച്ചിറയിൽ, ജിജി പുളിക്കൽ, ഷോജി കണ്ണംന്പുഴ, ജോണ്സൻ കറുകപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.