മാലിന്യ നിയമലംഘനം : പിഴ 58 ലക്ഷം
1538815
Wednesday, April 2, 2025 4:01 AM IST
കൂടുതല്‍ പിഴ ചുമത്തിയത് രാമമംഗലം പഞ്ചായത്തിൽ
കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതുള്‍പ്പെടെ ജില്ലയില്‍ മാലിന്യ സംസ്കരണത്തിലെ നിയമലംഘനത്തിനെതിരെ പിഴയൊടുക്കിയത് 58 ലക്ഷത്തിലേറെ രൂപ. മാലിന്യ മുക്തകേരളമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് പിഴ ഈടാക്കിയത്. സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം നടത്തിയ പരിശോധനകളിലാണ് പിഴ ചുമത്തിയത്. ഇതില്‍ 31,46,255 രൂപ പിഴ അടച്ചു.
രാമമംഗലം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും. നൂറോളം കുറ്റകൃത്യങ്ങളിലായി 4.99 ലക്ഷം രൂപയാണ് ഇവിടെ പിഴ ചുമത്തിയത്. പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്ത് മഴുവന്നൂരും (1.32 ലക്ഷം) മൂന്നാം സ്ഥാനത്ത് കൂവപ്പടി(1.15)യുമാണ്.
നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലാണ്. 2.54 ലക്ഷം. കൊച്ചി കോര്‍പറേഷനിലെ വിവിധ ഡിവിഷനുകളില്‍ നിന്നായി 2.12 ലക്ഷം രൂപയും കളമശേരി മുനിസിപ്പാലിറ്റിയില്‍ നിന്ന് 1.36 ലക്ഷം രൂപയും പിഴ ചുമത്തി. മാലിന്യ നിയമലംഘനത്തിനെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പിഴയുടെ 25 ശതമാനം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.