സാമൂഹിക മുന്നേറ്റത്തിനായി പൊതുസമൂഹം സജ്ജമാകണം: യുഹാന്നോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത
1538610
Tuesday, April 1, 2025 6:57 AM IST
മൂവാറ്റുപുഴ: സാമൂഹിക മുന്നേറ്റത്തിനായി പൊതുസമൂഹം സജ്ജമാകേണ്ട കാലഘട്ടം ഇതാണെന്ന് മൂവാറ്റുപുഴ രൂപത അധ്യക്ഷനും കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാനുമായ യുഹാന്നോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത. മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ രൂപത സമിതിയുടെ 2025 വർഷത്തെ കർമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിന്മ പെരുകുന്ന കാലഘട്ടത്തിൽ നന്മയുടെയും ജീവന്റെയും സംസ്കാരം പ്രഘോഷിക്കുവാനും നേതൃത്വം നൽകുവാനും പൊതുസമൂഹം സജ്ജമാകണം. ലഹരിക്കെതിരെയുള്ള പോരാട്ടം സംഘടിതമാകണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. എംസിഎ രൂപത പ്രസിഡന്റ് എൻ.ടി. ജേക്കബ് അധ്യക്ഷത വഹിച്ചു.
കർമ പദ്ധതി പ്രകാശനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. സമൂഹത്തിനും സാംസ്കാരിക മേഖലയ്ക്കും ജനാധിപത്യത്തിനുമെല്ലാം ‘ഭയം’ എന്ന മഹാ വികാരം കടന്നുകൂടിയതായി എംഎൽഎ പറഞ്ഞു. ഏബ്രഹാം മാർ യുലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. എംസിഎ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ഭദ്രാസന വികാരി ജനറൽ മോണ്‍. തോമസ് ഞാറക്കാട്ട് കോർഎപ്പിസ്കോപ്പ സന്ദേശം നൽകി. കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, എംസി സഭാതല ട്രഷറർ എൽദോ പൂക്കുന്നേൽ, വൈസ് പ്രസിഡന്റ് ഷിബു ചുങ്കത്തിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഫാ. ജോർജ് മാങ്കുളം, ഫാ. പൗലോസ് കിഴക്കിനേടത്ത്, റവ. ഡോ. വർഗീസ് മഠത്തികുന്നത്ത്, ഫാ. മാത്യു കളരിക്കാലയിൽ, എസ്. സിമി, സെക്രട്ടറി സുഭാഷ് വെട്ടിക്കാട്ടിൽ, ട്രഷറർ സി.ബി. ഷിബു, സെക്രട്ടറി എബിഷ് കുരാപ്പിള്ളിൽ, കണ്‍വീനർ ഷിബു പനച്ചിക്കൽ, വൈസ് പ്രസിഡന്റുമാരായ സജീവ് ജോർജ്, എൽസി ജോയ് എന്നിവർ പ്രസംഗിച്ചു. ഫിലിപ്പ് കടവിൽ, മേരി കുര്യൻ, മേഖലാ പ്രസിഡന്റുമാരായ ബിനോ പി. ബാബു, പി.എം. കുഞ്ഞുമോൻ, ജോസഫ് കെ. എബ്രാഹം, വിജോ പീറ്റർ, സി.ഒ. ഉമ്മൻ എന്നിവർ നേതൃത്വം നൽകി