പാലക്കുഴ, കുരീക്കാട് വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു
1510345
Sunday, February 2, 2025 4:19 AM IST
മൂവാറ്റുപുഴ/പിറവം: മൂവാറ്റുപുഴയി ലെ പാലക്കുഴയും, പിറവം നിയോജകമണ്ഡലത്തിലെ കണയന്നൂര്‍ കുരീക്കാട് വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു. പാലക്കുഴ വില്ലേജ് ഓഫീസിന്റെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. 45 ലക്ഷമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വിനിയോഗിക്കുക.
ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവുമാക്കും. 1,405 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത്. വില്ലേജ് ഓഫീസറുടെ മുറി, പ്രവർത്തന ഹാൾ, സന്ദർശക മുറി, റെക്കോർഡുകൾ സൂക്ഷിക്കുന്ന മുറി തുടങ്ങി യ സൗകര്യങ്ങൾക്കു പുറമെ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക ശുചിമുറി സൗകര്യം, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും ഉണ്ടാകും.
വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് നവീകരിക്കുന്നത്തോടെ കടലാസ് രഹിത സേവനങ്ങൾക്ക് തുടക്കമാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
പിറവം നിയോജകമണ്ഡലത്തിലെ കണയന്നൂര്‍ കുരീക്കാട് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.
റവന്യൂ വകുപ്പ് മന്ത്രിക്ക് എംഎൽഎ നേരത്തെ ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. ഓഫീസിന് നിലവില്‍ അനുവദിച്ച തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ സ്ഥല സൗകര്യമുള്ള പുതിയ കെട്ടിടങ്ങള്‍, തടസമില്ലാത്ത നെറ്റ് വര്‍ക്കിംഗ് സൌകര്യങ്ങള്‍, സുരക്ഷിതമായ റെക്കോർഡ് റൂമുകള്‍, ഉപയോക്തൃ സൗഹൃദ ഫ്രണ്ട് ഓഫീസ്, വെയിറ്റിംഗ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിലൂടെ സാധിക്കും.
നിയോജകമണ്ഡലത്തിലെ മേമ്മുറി, ഓണക്കൂര്‍ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനൂപ് ജേക്കബ് പറഞ്ഞു.