ക്ഷീര മേഖലയിലെ ചെലവഴിക്കൽ : മൂന്നാംവട്ടവും പുരസ്കാരം നേടി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
1510342
Sunday, February 2, 2025 4:19 AM IST
കോതമംഗലം: ജില്ലയിൽ ക്ഷീര മേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതിനുള്ള പുരസ്കാരം മൂന്നാംവട്ടവും കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്. തീരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ ക്ഷീര സംഗമത്തിൽ മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പുരസ്കാരം ഏറ്റുവാങ്ങി.
പത്ത് പഞ്ചായത്തുകളുള്ള സംസ്ഥാനത്തെ ഏറ്റവും വിസ്തൃതമായ ബ്ലോക്ക് പഞ്ചായത്താണ് കോതമംഗലം. ഏറ്റവും കൂടുതൽ ക്ഷീര കർഷകരും, ക്ഷീര സംഘങ്ങളുമുള്ള ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിൽ ക്ഷീര മേഖലയ്ക്ക് സഹായകരമാകുന്ന പദ്ധതികളാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.
കർഷകർക്ക് സൗജന്യമായി കാലി തീറ്റയും, പാലിന് സബ്സിഡിയും നൽകി വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, വൈസ് പ്രസിഡന്റ് ഡയാന നോന്പി, സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസമോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, ആനിസ് ഫ്രാൻസിസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.