അങ്കമാലിയിലേക്ക് മെട്രോ പാത : പദ്ധതിരേഖ തയാറാക്കാൻ കൺസൾട്ടൻസികളെ ക്ഷണിച്ചു
1510149
Saturday, February 1, 2025 4:39 AM IST
നെടുമ്പാശേരി: ആലുവയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന നിർദിഷ്ട മെട്രോ റെയിൽ പാതയ്ക്കുള്ള വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാനായി കൺസൾട്ടൻസികളെ ക്ഷണിച്ച് കെഎംആർഎൽ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) പുറപ്പെടുവിച്ചു. കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഡിപിആർ തയാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര ഭവനനഗരകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് ഡിപിആർ കൺസൾട്ടൻസിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംആർഎൽ ആരംഭിച്ചത്.
കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനം തൃപ്പൂണിത്തുറ-ആലുവ പാതയിൽനിന്ന് നീട്ടുന്നതിന് പകരം പ്രത്യേക പാതയായി നടപ്പിലാക്കാൻ കഴിയുമോ എന്ന കാര്യത്തിലും സാധ്യതാ പഠനം നടത്താനാണ് ആർഎഫ്പിയിൽ വ്യക്തമാക്കുന്നത്. കൂടാതെ ഒന്ന്, രണ്ടുഘട്ടങ്ങളിൽ നിന്ന് വിഭിന്നമായി മൂന്നാംഘട്ടത്തിൽ റോളിംഗ് സ്റ്റോക്ക് രീതി ഉപയോഗിക്കാനാകുമോ എന്നത് സംബന്ധിച്ചും സാധ്യതാ പഠനം നടത്തും.
ഭാവിയിൽ അങ്കമാലിയിൽനിന്ന് അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റിയിലേക്ക് മെട്രൊ റെയിൽ പാത നീട്ടാനുള്ള സാധ്യതകളും പഠനത്തിന് വിധേയമാക്കാൻ ആർഎഫ്പി രേഖയിൽ നിർദേശിച്ചിട്ടുണ്ട്. കൊച്ചി മെട്രോ യാഥാർഥ്യമായതിന് ശേഷമുള്ള ഏറ്റവും സുപ്രധാനമായ വികസനമാണ് മൂന്നാംഘട്ടത്തിൽ ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന പാത.
ആലുവയിൽനിന്ന് ദേശീയപാതയിലൂടെ കരിയാട് - എയർപോർട്ട് - മറ്റൂർ റോഡ് വഴി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പാത എത്തിച്ചേരും. തുടർന്ന് എയർപോർട്ട് - അങ്കമാലി റോഡിലൂടെ എംസി റോഡിൽ പ്രവേശിച്ച് അങ്കമാലിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് കെഎംആർഎൽ പദ്ധതി ആലോചിക്കുന്നത്. ആലുവ മുതൽ അങ്കമാലി വരെയുള്ള മൂന്നാംഘട്ടത്തിൽ 18 കിലോമീറ്റർ ആണ് നീളം. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മൂന്നു കിലോമീറ്ററോളം ദൂരത്തിൽ ഭൂഗർഭപാതയും നിർമിക്കും. ആകെ 15 സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക.
നെടുമ്പാശേരി വിമാനത്താവള മെട്രോ സ്റ്റേഷൻ ഭൂമിക്കടിയിൽ ഭൂഗർഭപാതയിലാകും നിർമിക്കുക. ഏകദേശം 8,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഈ തുക ഉയരാനും സാധ്യതയുണ്ട്.