ബ്രഹ്മപുരത്ത് വരുന്നു വേസ്റ്റ് മാനേജ്മെന്റ് പാര്‍ക്ക് : മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ചു
1510317
Sunday, February 2, 2025 3:59 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രമായ ബ്രഹ്മപുരത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള വേസ്റ്റ് മാനേജ്മെന്റ് പാര്‍ക്ക് വരുന്നു. ശാസ്ത്രീയമായ കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, വിജ്ഞാന കേന്ദ്രം, വിനോദ ഉദ്യാനം ഉള്‍പ്പെടെ വിഭാവനം ചെയ്യുന്ന ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു.
കൊച്ചി കോര്‍പറേഷനായി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും (കെഎസ്ഡബ്ല്യുഎംപി), ശുചിത്വമിഷനും ചേര്‍ന്ന് തയാറാക്കിയ മാസ്റ്റര്‍ പ്ലാനാണ് ഇന്നലെ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. 706 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലോകബാങ്ക്, സംസ്ഥാന സര്‍ക്കാരിന്റേതടക്കം സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി.
ആര്‍ഡിഎഫ് പ്ലാന്റ്, വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്, ബില്‍ഡിംഗ് വേസ്റ്റ് പുനരുപയോഗ പ്ലാന്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ലിച്ചേറ്റ് സംസ്കരണ പ്ലാന്റ്, സോളാര്‍ പ്ലാന്റ് എന്നിവയാണ് മാസ്റ്റര്‍പ്ലാനില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
നിലവില്‍ രണ്ട് ബിഎസ്എഫ് പ്ലാന്റുകളും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ബ്രഹ്മപുരത്തുണ്ട്. ബിപിസിഎല്ലിന്റെ സിഎന്‍ജി പ്ലാന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. ബ്രഹ്മപുരത്തെ കൂടുതല്‍ മനോഹരവും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.
പാര്‍ക്കും വിജ്ഞാന കേന്ദ്രവും ഇതില്‍ ഉള്‍പ്പെടും. സൈക്കിള്‍ട്രാക്ക്, നടപ്പാത എന്നിവയുമുണ്ടാകും. വേയ് ബ്രിഡ്ജ്, മാലിന്യ വാഹന പ1രിപാലന സൗകര്യം, ഗ്രീന്‍ബെല്‍റ്റ്, ജലവിതരണ സൗകര്യങ്ങളും സജ്ജമാക്കും. ബ്രഹ്മപുരത്ത് എത്തുന്ന ജൈവ-അജൈവ മാലിന്യങ്ങളുടെ അളവ് വേയ്ബ്രിഡ്ജ് ഉപയോഗിച്ച് കണക്കാക്കും.
ജൈവമാലിന്യങ്ങള്‍ ഇവ സംസ്കരിക്കാന്‍ കഴിയുന്ന സിഎന്‍ജി ഉള്‍പ്പെടെയുള്ള പ്ലാന്റുകളിലേക്കും അജൈവ മാലിന്യങ്ങള്‍ ഇതിനായുള്ള പ്ലാന്റിലേക്കും എത്തിച്ച് സംസ്കരിക്കും.
നഗരത്തിന്റെ സ്വപ്ന പദ്ധതി: മേയര്‍
നഗരത്തിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ആ സ്വപ്നം യാഥാര്‍ഥ്യമാക്കി. 706 കോടിയുടേതാണ് നിര്‍ദിഷ്ട പദ്ധതി. എന്നാല്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ആര്‍ഡിഎഫ് പ്ലാന്റ്, വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, വേയ്ബ്രിഡ്ജ്, റോഡുകള്‍, പാര്‍ക്ക്, ഗാരേജ്, ശുചിമുറികള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയാണ്. ഇതിനായുള്ള തുക കണക്കാക്കി ആദ്യ ഘട്ട പദ്ധതി തയാറാക്കും.
രണ്ടാംഘട്ടത്തിലാകും മാലിന്യ ഊര്ജോല്പാദന പ്ലാന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍. മാലിന്യ ഊര്ജോല്പാദന പ്ലാന്റിന് സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആര്‍ഡിഎഫ് പ്ലാന്റിന് സംസ്ഥാന വിഹിതം ലഭിക്കും. കടമ്പ്രയാര്‍ ശുചീകരണം, വെല്‍നെസ് സെന്റര്‍ എന്നിവ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എബിസി പദ്ധതിക്കുളള സ്ഥലം നിലനിര്‍ത്തുമെന്നും മേയര്‍ പറഞ്ഞു.
പദ്ധതിയില്‍ വ്യക്തതയില്ല: പ്രതിപക്ഷം
ബ്രഹ്മപുരം മാസ്റ്റര്‍ പ്ലാനില്‍ വലിയ തുകയുടെ പദ്ധതികളെ കുറിച്ച് പറയുന്നുണ്ടെങ്കിലും അവയിലൊന്നും പ്രായോഗികതയും വ്യക്തതയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരത്തില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആര്‍ഡിഎഫ് പ്ലാന്റില്‍ സംസ്കരിക്കുമെന്നാണ് പദ്ധതിയില്‍ പറയുന്നത്. നിലവില്‍ 100 ടണ്ണില്‍ അധികം പ്ലാസ്റ്റിക് മാലിന്യമുള്ളപ്പോള് വിഭാവനം ചെയ്തിരിക്കുന്ന സംസ്കരണ പ്ലാന്റിന്റെ ശേഷി 50 ടണ്ണാണ്.
കേരളത്തിലെ മുഴുവന്‍ ആര്‍ഡിഎഫും സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മിച്ചാല്‍ നഗരസഭയ്ക്ക് അതൊരു വരുമാനമാകുമെന്ന് പ്രതിപക്ഷാംഗങ്ങളായ എം.ജി. അരിസ്റ്റോട്ടിലും ഹെന്‍ട്രി ഓസ്റ്റിനും ചൂണ്ടിക്കാട്ടി.
നിലവിലുള്ള ബിഎസ്എഫ് പ്ലാന്റിന്റെ ഭൂവിനിയോഗം സംബന്ധിച്ച മാസ്റ്റര്‍പ്ലാനിലെ കണക്കുകള്‍ യാഥാര്‍ഥ്യമല്ല. വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് പദ്ധതി സര്‍ക്കാര്‍ റദ്ദാക്കിയതാണ്. മാസ്റ്റര്‍ പ്ലാനില്‍ അതും ഉള്പ്പടെത്തിയത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഹെന്‍ട്രി ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ഉള്‍പ്പെടുത്തിയതെന്ന് മേയര്‍ പറഞ്ഞു.