വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്
1510153
Saturday, February 1, 2025 4:45 AM IST
തൃപ്പൂണിത്തുറ: വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മിഹിർ അഹമ്മദിന്റെ മാതാവ് റജ്ന പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് എസിപി പി.വി. ബേബി ഹിൽപാലസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.
കുട്ടികൾ ഉൾപ്പെട്ട കേസായതുകൊണ്ട് കൃത്യമായും സൂക്ഷ്മമായും കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് എസിപി പറഞ്ഞു. എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കും. സംഭവം നടന്നത് 15-ാം തിയതിയാണല്ലോ. ഈ വിവരങ്ങൾ പുതിയതായി കിട്ടിയതായത് കൊണ്ട് വിശദമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൽ മിഹിർ ക്രൂരമായ റാഗിംഗിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂളിൽ അത്തരം സംഭവം നടന്നതായി അറിവില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ടോയ്ലറ്റിന്റെ ഭാഗത്ത് രണ്ടു വശത്തും നിരീക്ഷണത്തിന് ആളുകളുണ്ട്. അതുകൊണ്ട് ടോയ്ലറ്റിനുള്ളിൽ അത്തരം സംഭവം നടക്കാനിടയില്ല. സ്കൂളിന്റെ സൽപ്പേര് കളയാൻ ആസൂത്രിത ശ്രമമാണോയെന്ന് സംശയമുണ്ടെന്നും സ്കൂൾ അധികൃതർ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലേയ്ക്ക് മാർച്ച് നടത്തും. സംസ്ഥാന കമ്മിറ്റിയംഗം അർജുൻ ബാബു ഉദ്ഘാടനം ചെയ്യും. ശിശുക്ഷേമ സമിതിമിഹിറിന്റെ രക്ഷിതാക്കളെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചു.