ആലുവ മഹാശിവരാത്രി : സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നു
1510124
Saturday, February 1, 2025 4:22 AM IST
ആലുവ: കുംഭമേള അപകടം മുൻനിർത്തി നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ആലുവ ശിവരാത്രി മണപ്പുറത്ത് നടപ്പിലാക്കാൻ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലുവയിൽ വിളിച്ചു ചേർത്ത മഹാശിവരാത്രി അവലോകന യോഗത്തിലാണീ തീരുമാനം. കഴിഞ്ഞ വർഷം നിർമ്മിക്കാനാകാതിരുന്ന വാച്ച് ടവർ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കും.
ബലിയിടൽ കർമങ്ങൾ കൂടാതെ 26 മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്റ് പാർക്ക്, ഒരാഴ്ച നീണ്ടു നിൽക്കുന്ന ദൃശ്യോത്സവം എന്നിവ ഉണ്ടാകുമെന്ന് ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അധ്യക്ഷനായി.
ഇത്തവണത്തെ ഒരു മാസം നീണ്ടു നിൽക്കുന്ന ശിവരാത്രി വ്യാപാര മേളയിലും അമ്യൂസ്മെന്റ് പാർക്കിലും കെഎസ്ഇബിയുടെ സേവനം ഒഴിവാക്കുന്നു. പകരം ജനറേറ്റർ സംവിധാനത്തിൽ വൈദ്യുതി ആവശ്യം നിറവേറ്റാനാണ് കരാർ കമ്പനിയായ ഡി ജെ അമ്യൂസ്മെന്റ്സ് തീരുമാനിച്ചിരിക്കുന്നത്.
ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ബലിയിടാനുള്ള നിരക്ക് ഈ വർഷവും 75 ആയിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു.
ദേവസ്വം ബോർഡിന് പ്രശംസ
ആലുവ: ശബരിമല തീർത്ഥാടനം കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന് അവലോകന യോഗത്തിൻെറ കൈയടി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തിനെയാണ് യോഗത്തിൽ പ്രശംസിച്ചത്.