ടൈംകീപ്പർ ബെന്നിക്കായി ബസുകളുടെ കാരുണ്യയാത്ര ഇന്ന്
1510323
Sunday, February 2, 2025 4:03 AM IST
കാലടി: നാല് പതിറ്റാണ്ടുകൾ സ്വകാര്യ ബസ് പ്രസ്ഥാനതോടൊപ്പം നിന്നുകൊണ്ട് കാലടി ബസ് സ്റ്റാൻഡിൽ ടൈം കീപ്പർ ആയും മൈക്ക് അനൗൺസറുമായി ജോലി ചെയ്ത് ആകസ്മികമായി മരണമടഞ്ഞ ബെന്നിയുടെ കുടുംബ സഹായനിധിയിലേക്കായി അങ്കമാലി-കാലടി-അത്താണി മേഖലയിലെ മുഴുവൻ ബസുകളും തിങ്കളാഴ്ച കാരുണ്യയാത്ര നടത്തും.
ഇന്ന് ടിക്കറ്റ് ഇല്ലാതെ പകരം ബക്കറ്റുമായിട്ടാണ് കണ്ടക്ടർ യാത്രക്കാരെ സമീപിക്കുന്നത്. അങ്കമാലി-കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ സംരംഭത്തിൽ ഉടമകൾ തങ്ങളുടെ കളക്ഷനും ജീവനക്കാർ വേതനവും ഇതിലേക്കായി നൽകുന്നതാണ്.
തിങ്കളാഴ്ച രാവിലെ 8.30 ന് കാലടി ബസ് സ്റ്റാൻഡിൽ വച്ച് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോസഫ് വട്ടോലി കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.