ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചു കോടി തട്ടാൻ ശ്രമിച്ച ആറു പേർക്കെതിരെ കേസ്
1510155
Saturday, February 1, 2025 4:46 AM IST
കാക്കനാട്: ബിസിനസ് പങ്കാളിത്തവും അമിതലാഭവും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുകയും ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രണ്ട് യുവതികളടക്കം ആറു പേർക്കെതിരേ ഇൻ ഫോപാർക്ക് പോലീസ് കേസെടുത്തു.
കാക്കനാട് കുസുമഗിരി എൻസിസി ലോറൽ ഫ്ലാറ്റിൽ സചിത്ര ചന്ദ്രൻ (33), കൊരട്ടി ഇൻഫോപാർക്കിനു സമീപം താമസിക്കുന്ന ലൈജു ജേക്കബ് (45), നെന്മാറ ചെമ്മാൻ തോട് സ്വദേശികളായ സജീവ്ചന്ദ്രൻ (32), സുഹർഷ,(25) ചിറ്റിലഞ്ചേരി സ്വദേശികളായ സജയ്(31), ബിജു (29)എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കാക്കനാട് ഇടച്ചിറ സ്വദേശിയായ യുവ സംരഭകനിൽ നിന്ന് സംഘം പലഘട്ടങ്ങളിലായി 15.45 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പങ്കാളിത്തവും അമിതലാഭവും വാഗ്ദാനം ചെയ്ത് ഇവർ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് മനസിലാക്കിയ പരാതിക്കാരൻ ബിസിനസിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചതോടെയാണ് പ്രതികൾ ഹണിട്രാപ്പിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടത്.
പരാതിക്കാരന്റെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റു ചെയ്ത് കുടുംബ ജീവിതം തകർക്കുമെന്നും, പ്രതികളിലൊരാളുടെ കുട്ടിയുടെ പിതൃത്വത്തിന് ഉത്തരവാദി പരാതിക്കാരനാണെന്നു വരുത്തി തീർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി പലഘട്ടങ്ങളിലായി സംഘം 15.45 ലക്ഷം രൂപ തട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ഇൻഫോപാർക്ക് സിഐ സജീവ്കുമാർ പറഞ്ഞു.
അർധരാത്രിയിൽ പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചുകയറുകയും പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും വീടിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തതിനും പരാതിക്കാരന്റെ ഭാര്യ നൽകിയ കേസിൽ സജിത്രക്കെതിരേ മറ്റൊരുകേസും ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.