മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള കെട്ടിടത്തിന്റെ കൂദാശ ഇന്ന്
1510330
Sunday, February 2, 2025 4:08 AM IST
കൊച്ചി: മാനസിക വെല്ലുവിളികള്‍ നേരിടുന്ന രോഗികളുടെ താമസത്തിനും പുനരധിവാസത്തിനുമായി രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കാഞ്ഞിരമറ്റം കുലയറ്റിക്കര പെലിക്കന്‍ സെന്ററില്‍ കെട്ടിട കൂദാശയും രോഗവിമുക്തി നേടിയവരുടെ പുനരധിവാസത്തിനായി ആരംഭിക്കുന്ന വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 4.30ന് നടക്കും.
ശില്പി എന്ന പേരിലുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയുടെ കൂദാശാകർമം പെലിക്കന്‍ സെന്റര്‍ രക്ഷാധികാരി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ജിയോജിത് ഫൗണ്ടേഷന്റെ സിഎസ്ആര്‍ ഫണ്ട് മുഖേന നിർമിച്ച വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ജിയോജിത്ത് ഫൗണ്ടേഷൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോർജ് നിർവഹിക്കും.
തുടർന്ന് എം.ജെ. മാത്തൻ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനവും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ്, വാർഡ് മെമ്പർമാരായ സുനിതാ സണ്ണി, ഫാരീസ മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ രോഗവിമുക്തി നേടിയവരും കിടപ്പുരോഗികളും ഉള്‍പ്പെടെ 170 അന്തേവാസികള്‍ ഇവിടെയുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി ഫാ. സാംസണ് കുര്യാക്കോസ് പറഞ്ഞു.