കൊച്ചി കോര്പറേഷന് സ്ഥിരം സമിതി ചെയർമാൻമാർ രാജിവച്ചു
1510318
Sunday, February 2, 2025 4:03 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ രണ്ട് സ്ഥിരം സമിതി ചെയർമാൻമാർ രാജിവച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. റെനീഷ്, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാലാല്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. എല്‍ഡിഎഫിലെ മുന്‍ ധാരണപ്രകാരമാണ് രാജിയെന്നാണ് വിശദീകരണം.
പകരം അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐയില്‍ നിന്നുള്ള സി.എ. ഷക്കീറും സിപിഎമ്മില്‍ നിന്നുള്ള വത്സലകുമാരിയും വരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കേയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരുടെ രാജി.
എല്‍ഡിഎഫ് സംസ്ഥാനഘടകത്തിന്റെ തീരുമാന പ്രകാരമാണ് സിപിഎം അംഗമായ റെനീഷ് സ്ഥാനം കൈമാറുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം ക്ഷേമകാര്യ അധ്യക്ഷ സ്ഥാനം സിപിഎമ്മിന് കൈമാറണമെന്ന് ജനതാദള്‍ എസുമായി മുന്‍ ധാരണയുണ്ടായിരുന്നു. ഷക്കീര്‍ രാജിവയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന ഘടകത്തില്‍ നിന്ന് തീരുമാനം വൈകിയതാണ് ജനതാദള്‍-എസ് അംഗമായ ഷീബലാല്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നത്.
നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇരുവരും വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. ടൗണ്‍ഹാള്‍ പുനര്‍നിര്‍മിക്കുന്നതിലും, നഗരസഭാ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണത്തിലും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വികസനാകര്യ സമിതി ചെയര്‍മാന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
ഷീബാ ലാലിന്റെ നേതൃത്വത്തിലാണ് ലോകം മുഴുവനും അംഗീകരിച്ച നഗരസഭയുടെ ഉച്ചയൂണ് പദ്ധതിയായ സമൃദ്ധിയും, ഷി ലോഡ്ജും വിജയത്തിലെത്തിച്ചതെന്നും മേയര്‍ പറഞ്ഞു.