മിനി ലോറിയിലിടിച്ച് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
1510285
Saturday, February 1, 2025 10:38 PM IST
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വീട്ടൂരിൽ നിയന്ത്രണം വിട്ട ട്രാക്ടർ മിനി ലോറിയിലിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.
അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ബെച്ചു(28), അമിറുൾ(32) എന്നിവരാണ് മരിച്ചത്. ധരംപൂർ സ്വദേശികളായ പിയാറുൾ (35), ടുട്ടൽ മണ്ഡൽ(23), കട്ടാകോപ്ര സ്വദേശി ആസാദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 നായിരുന്നു അപകടം നടന്നത്.
വീട്ടൂർ ഐഎച്ച്ഡിപി കോളനി റോഡിന്റെ ടാറിംഗ് പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത സൈറ്റിലേയ്ക്ക് പോകും വഴിയാണ് അപകടം. കിൻഫ്രയ്ക്ക് സമീപമുള്ള വലിയ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. മിനി ലോറിയിൽ പോവുകയായിരുന്ന തൊഴിലാളികളെ നിയന്ത്രണം വിട്ട് എത്തിയ ട്രാക്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്ന ട്രാക്ടറിന് ഇടയിൽ പെട്ടവരാണ് മരിച്ചത്. പരിക്കേറ്റവരെ മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മരിച്ചു. മരിച്ചവരുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.