ഒരുകോടിയിലേറെ വാടകക്കുടിശിക; പഞ്ചമി സൂപ്പർ മാർക്കറ്റിനും നഗരസഭ താഴിട്ടു
1510331
Sunday, February 2, 2025 4:08 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികൾ എടുത്തവർ വാടക കുടിശികയാക്കിയ പശ്ചാത്തലത്തിൽ കടമുറികൾ ഒഴിപ്പിക്കാനുള്ള നടപടികൾ രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു.
കെപിഎംഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി ചാരിറ്റബിൾ ട്രസ്റ്റ് കാക്കനാട് ചിൽഡ്രൻസ് പാർക്കിനു സമീപമുള്ള നഗരസഭാ കെട്ടിടത്തിൽ നടത്തിവന്ന പഞ്ചമിസൂപ്പർ മാർക്കറ്റ് ഇന്നലെ നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടി നോട്ടീസ് പതിച്ചു.
ഒരു കോടിയിലധികം രൂപയാണ് വാടകയിനത്തിൽ പഞ്ചമി സൂപ്പർ മാർക്കറ്റുകാർ കുടിശികയാക്കിയിട്ടുള്ളത്. ഭരണപക്ഷ കൗൺസിലറുടെ ഭർത്താവ് ലേലത്തിലെടുത്ത കടമുറിയുടെ വാടക 13 ലക്ഷം കുടിശികയായതിനെ തുടർന്ന് നഗരസഭാധികൃതർ വെള്ളിയാഴ്ച കടമുറി ഒഴിപ്പിച്ചിരുന്നു.
നഗരസഭാ മന്ദിരത്തോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ കുടുംബശ്രീക്കായി അനുവദിച്ച രണ്ടു കടമുറികളുടെ വാടക 2019 മുതൽ കുടിശികയാണ്. നാലു ലക്ഷത്തിലധികം രൂപയാണ് കുടുംബശ്രീഹോട്ടലിന്റെ നടത്തിപ്പുകാർ നൽകേണ്ടത്. ജീവനക്കാർക്കും, കൗൺസിലർമാർക്കും സബ്സിഡി നിരക്കിൽ ഭക്ഷണവുംമറ്റും നൽകണമെന്ന വ്യവസ്ഥയോടെയാണ് ഇതിന്റെ നടത്തിപ്പു ചുമതല കുടുംബശ്രീ അംഗമായ വനിതയ്ക്കു നൽകിയത്. ഇതേ ഹോട്ടൽ പിന്നീട് നഗരസഭാ കൗൺസിലർ കൈവശപ്പെടുത്തിയതും വിവാദമായിരുന്നു.
ചെറുകടികളും ചായയയും അഞ്ചു രൂപനിരക്കിലും ഊണ് 40 രൂപയ്ക്കും ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും നൽകണമെന്നായിരുന്നു കരാറിലെ വ്യവസ്ഥയെന്ന് മുൻ നഗരസഭാ വൈസ് ചെയർമാനും കൗൺസിലറുമായ എ.എ. ഇബ്രാഹിംകുട്ടി പറഞ്ഞു.
ഇതിനിടെ നഗരസഭയിൽ ചട്ടവിരുദ്ധമായി നടത്തിവരുന്ന കുടുംബശ്രീ ഹോട്ടൽ നാളെ അടച്ചുപൂട്ടുമെന്ന് നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള പറഞ്ഞു. കുടുംബശ്രീയിലെ വനിതകൾക്കു വാടകക്കു നൽകിയ രണ്ടു കടമുറികളിലായാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
2019 മുതൽ വാടക കുടിശിക അടച്ചിട്ടില്ല. നാലു ലക്ഷത്തിലേറെ രൂപയാണ് നഗരസഭയ്ക്ക് കിട്ടാനുള്ളത്.
കടമുറികൾ ഒഴിപ്പിച്ച് പുനർലേലം ചെയ്യാനാണ് തീരുമാനം. നിലവിലെ കൂടിശിക അടച്ചില്ലെങ്കിൽ വാടകക്കാർക്കെതിരെ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. കടമുറികൾ ഒഴിപ്പിക്കൽ നാളെയും തുടരും.