ആലുവ മഹാശിവരാത്രി: നഗരത്തിലെ നടപ്പാത നിർമാണം പൂർത്തിയാക്കണമെന്ന്
1510333
Sunday, February 2, 2025 4:08 AM IST
ആലുവ: മഹാശിവരാത്രി ആഘോഷങ്ങൾക്ക് മൂന്നോടിയായി റോഡ് ടാറിംഗ്, നടപ്പാത നിർമാണം എന്നിവ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ആലുവ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ചൂടുകാലം ആരംഭിച്ചതോടെ ജലജന്യരോഗങ്ങൾ വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒരു വർഷമായിട്ടും നടപ്പാത നവീകരണം നീണ്ടു പോകുന്നത് അപകടക്കെണിയായെന്ന "ദീപിക' വാർത്തയുടെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ്-ജേക്കബ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് വെളളറയ്ക്കൽ ആണ് ഈ വിഷയം യോഗത്തിൽ ഉന്നയിച്ചത്.
ആയിരക്കണക്കിന് ഭക്തജനങ്ങൾ ട്രെയിൻ, ബസ് മാർഗം വന്നിറങ്ങുന്ന ആലുവയിൽ പാലസ് റോഡ് ഒഴികെ എല്ലായിടത്തും കാനകുത്തിപ്പൊളിച്ചിട്ടിരിക്കുകയാണെന്നും അടിയന്തിരമായി നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. ശിവരാത്രി നടപ്പാലത്തിൽ കാൽനട യാത്ര സുഗമമാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും പാർക്കിനകത്തുകൂടെ വഴി തിരിച്ചു വിടുന്നത് ഭക്തജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്നതായും യോഗം വിലയിരുത്തി.
നഗരത്തിലെ അനധികൃത ഹോർഡിംഗുകളും ഫ്ലക്സുകളും നീക്കം ചെയ്യണമെന്നും യോഗം ആവശ്വപ്പെട്ടു. ബൈപാസ് മേൽപ്പാലത്തിനടിയിൽ അനധികൃത ലോട്ടറി, തട്ടുകൾ, പഴവിൽപ്പന ശാലകൾ കൂണുപോലെ മുളച്ചതായും മാലിന്യം തള്ളുന്നതാകും പ്രതിനിധികൾ പരാതി ഉന്നയിച്ചു.
പൊതു സ്ഥലം തിരികെ പിടിക്കാൻ ആലുവ നഗരസഭ തയാറാകണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റോജി എം. ജോൺ എംഎൽഎയുടെ പ്രതിനിധി വർഗീസ് അധ്യക്ഷത വഹിച്ചു.