ചേന്ദമംഗലം സഹ. ബാങ്കിലെ വായ്പാ തട്ടിപ്പ്: കുറ്റക്കാരുടെ സ്വത്ത് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി
1510313
Sunday, February 2, 2025 3:58 AM IST
പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പിൽ കുറ്റക്കാരായവരുടെ സ്വത്ത് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നടന്ന ക്രമക്കേടുകൾ അന്വേഷിച്ച സഹകരണ വകുപ്പ് 20.4 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതിൽ 13 ഭരണ സമിതി അംഗങ്ങളും, മൂന്ന് മുൻ സെക്രട്ടറിമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഇവർക്കെതിരെ സർചാർജ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ തീരുമാനത്തിന് വിധേയമായി തീർപ്പാക്കാൻ ഉത്തരവിട്ടു. തുടർന്ന് സഹകരണ വകുപ്പ് സെക്രട്ടറിക്ക് ബാങ്ക് അപ്പീൽ നൽകിയെങ്കിലും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ശരിവച്ച് ഉത്തരവിറക്കി.
ഉത്തരവ് നടപ്പാക്കുമ്പോൾ 28.47 ലക്ഷം മുതൽ 1.59 കോടി രൂപ വരെ ഇവർ അടക്കേണ്ടി വരും. സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ ബാങ്ക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സർചാർജ് നടപ്പാക്കാനുള്ള ഉത്തരവിന് രണ്ടുമാസം സ്റ്റേ ലഭിച്ചു.
എന്നാൽ കുറ്റക്കാരായ 16 പേരുടേയും സ്വത്ത് കൈമാറ്റം ചെയ്യാനോ, പണയപ്പെടുത്താനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.