വായ്പ വാഗ്ദാനം ചെയ്ത് 30 ലക്ഷം തട്ടിയവർ പിടിയില്‍
1510310
Sunday, February 2, 2025 3:58 AM IST
കൊച്ചി: വായ്പ വാഗ്ദാനം ചെയ്ത് യുവതിയുടെ പക്കൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആലുവ പോഞ്ഞാശേരി കരയിക്കോടത്ത് കെ.കെ. അനീഷ് (33), ആലുവ കരുമാലൂര്‍ വെളിയത്തുനാട് കിടങ്ങപിള്ളില് റിയാസ് (48) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം പുളിമാത്ത് എന്ന സ്ഥലത്ത് സന്ധ്യ എന്ന യുവതി നടത്തിവരുന്ന കെഎം ഫുഡ് പ്രൊഡക്ട്സ് എന്ന വനിതാ സംരംഭത്തിന് 50 കോടി രൂപ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. കരാർ പ്രകാരം സെയില്‍സ് ഡീഡ് രജിസ്റ്റര്‍ ചെയ്യുന്നതിന് ട്രഷറിയില്‍ അടയ്ക്കുന്നതിനാണെന്ന് പറഞ്ഞ് 30,19000 രൂപ പ്രതികൾ കൈപ്പറ്റു കയായിരുന്നു.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികള്‍ ആലുവ വെളിയത്തുനാട് ഭാഗത്തുണ്ടന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പലര്‍ക്കും വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടന്നും ഇവരുടെ സംഘത്തില്‍ അഭിഭാഷകര്‍ ഉള്പ്പെടെയുള്ളവുണ്ടെന്നും പോലീസ് പറഞ്ഞു.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.