ഡ്രൈവർമാരുടെ നേത്രസുരക്ഷ: എൽഎഫുമായി ചേർന്ന് പരിശോധനാ പദ്ധതിക്കു തുടക്കമായി
1510127
Saturday, February 1, 2025 4:22 AM IST
അങ്കമാലി: റോഡപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെ കാഴ്ച ശക്തി പരിശോധിക്കാനും പരിഹാരം നിർദേശിക്കാനും റോഡ് സുരക്ഷാ മാസം പ്രമാണിച്ച് പോലീസ് അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയുമായി ചേർന്ന് പദ്ധതിയൊരുക്കുന്നു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന നിർദേശിച്ചതനുസരിച്ച് ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാരുടെ കാഴ്ച ശക്തി പരിശോധിക്കാൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ ‘വിഷൻ ഫോർ ലൈഫ് വിത്ത് എൽഎഫ്’ എന്ന പേരിലാണ് സൗജന്യ നേത്ര പരിശോധനാ പദ്ധതി നടപ്പിലാക്കുന്നത്. ഓട്ടോ, ടാക്സി, ബസ് ഡ്രൈവർമാരെ പോലീസിന്റെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ നേത്ര പരിശോധനയ്ക്ക് വിധേയമാക്കും.
ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ചികിത്സാ കേന്ദ്രത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ സൗജന്യ നേത്ര ചികിത്സാ പദ്ധതികളിൽ ഒന്നാണിതെന്ന് ഡയറക്ടർ റവ. ഡോ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു.
ജില്ലയിൽ തുടക്കം കുറിച്ച പദ്ധതി ആവശ്യമെങ്കിൽ മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, അങ്കമാലി എസ്എച്ച്ഒ വി.ആർ. അരുൺ, എസ്ഐ പ്രദീപ് കുമാർഎന്നിവർ പ്രസംഗിച്ചു.