വാഴക്കുളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു
1510135
Saturday, February 1, 2025 4:29 AM IST
വാഴക്കുളം: നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. വാഴക്കുളം ടൗണിന്റെ പടിഞ്ഞാറേ ഭാഗത്ത് സെൻട്രൽ ഫോർട്ട് ഹോട്ടലിനു സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ പോയ പൈനാപ്പിൾ കയറ്റിയ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.
വെള്ളിയാമറ്റം ചാവേലിയാക്കുടിയില് സി.ജെ. തോമസ്, സോജന് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ സോജനെ മൂവാറ്റുപുഴ അഗ്നിരക്ഷാസേനാംഗങ്ങളെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.
പരിക്കേറ്റ സോജനെയും നടുക്കര സ്വദേശിയായ പിക്കപ്പ് വാന്‍ ഡ്രൈവർ അനിലിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. നാട്ടുകാരോടൊപ്പം മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയിലെ ഷംസുദ്ദീന്, വി.കെ. മനു, അജീഷ്, നിബിന് ബോസ്, ഡിബിന്‍ ബാലകൃഷ്ണന്, ആരോമല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.