കിണറിൽ കാട്ടുകൊന്പൻ വീണതിൽ പ്രതിഷേധിച്ചവർക്കെതിരെ നിയമ നടപടി തുടരുന്നു
1510141
Saturday, February 1, 2025 4:39 AM IST
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊന്പൻ വീണതിനേതുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർക്കെതിരെ നിയമ നടപടി തുടരുന്നു. കോടതിയിൽ നിന്ന് സമൻസ് ലഭിച്ചപ്പോഴാണ് കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്.
ഈ മാസം 12ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 15 പേർക്കാണ് സമൻസ് ലഭിച്ചിട്ടുള്ളത്. പ്രതിഷേധത്തേതുടർന്നുണ്ടായ ചർച്ചയിൽ നിയമ നടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നതാണെന്ന് പ്രതിപ്പട്ടികയിലുള്ള ജുവൽ ജൂഡി പറഞ്ഞു. ഉറപ്പ് ലംഘിക്കപ്പെട്ടതിൽ നാട്ടിൽ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 12നാണ് കേസിലേക്ക് നയിച്ച സംഭവമുണ്ടായത്. കോട്ടപ്പടി മുട്ടത്ത് കണ്ടത്തിന് സമീപം പ്ലാച്ചേരിയിൽ കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെള്ള കിണറിലാണ് കാട്ടുകൊന്പൻ വീണത്.
കോട്ടപ്പാറ പ്ലാന്റേഷനിൽനിന്നും പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാർ ഇതിനെ കണ്ടു. ആനശല്യം തടയാൻ ശാശ്വത നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നാട്ടിലിറങ്ങി നാശനഷ്ടം വിതയ്ക്കുന്നത് പതിവാക്കിയ കൊന്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ആന വീണ് നശമുണ്ടായ കിണർ അറ്റകുറ്റപ്പണി നടത്തി കിട്ടണമെന്നത് മറ്റാരു ആവശ്യമായിരുന്നു. ഇക്കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരയ്ക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ഉറപ്പ് നൽകുകയും ചെയ്തു.
നാടിന് വേണ്ടി ഒറ്റകെട്ടായി ശബ്ദമുയർത്തിയ നാട്ടുകാരെ കോടതി കയറ്റാനാണ് അധികാരികൾ മുതിർന്നിരിക്കുന്നത്. ആനയ്ക്കായുള്ള രക്ഷാപ്രവർത്തനം സുഗമമാക്കാൻ പോലീസ് പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചു എന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.