ആലുവ: മരണമടഞ്ഞവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും വിവിധ തരം പെൻഷനുകൾ നൽകുന്ന ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന വിചിത്ര മറുപടിയുമായി പഞ്ചായത്തുകൾ. ആലുവ താലൂക്കിൽ ഉൾപ്പെടുന്ന ചൂർണിക്കര, കീഴ്മാട് പഞ്ചായത്തുകളാണ് മരിച്ചവരുടെ പേരിൽ പെൻഷൻ നൽകുന്നതായി അറിയില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് വിഭാഗമാണ് 2023- 24 സാമ്പത്തിക വർഷത്തിൽ ആലുവ താലൂക്കിലെ അഞ്ച് പഞ്ചായത്തുകളിലെ ക്രമക്കേട് കണ്ടെത്തിയത്. ചൂർണിക്കര, കീഴ്മാട്, ശ്രീമൂലനഗരം, പാറക്കടവ്, ചെങ്ങമനാട് പഞ്ചായത്തുകളിലാണ് മരണമടഞ്ഞവരുടെ പേരിൽ മാസങ്ങളോളം പെൻഷൻ നൽകിയത്.

ചൂർണിക്കര പഞ്ചായത്തിൽ 11 പേർക്കാണ് അഞ്ചുമാസം വരെ 1600 രൂപ വീതം അനുവദിച്ചത്. കീഴ്മാട് പഞ്ചായത്തിൽ മരണമടഞ്ഞ നാലുപേർക്കാണ് പെൻഷൻ നല്കിയത്. ഓഡിറ്റ് റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് രണ്ടിടത്തു നിന്നും വിവരാവകാശ പ്രവർത്തകർക്ക് മറുപടി ലഭിച്ചത്.

നടപ്പ് സാമ്പത്തിക വർഷത്തിലും ഇതേ ക്രമക്കേട് തുടരുന്നതായാണ് സൂചന. മുൻ വർഷങ്ങളിലേയും ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കാൻ തദ്ദേശവകുപ്പ് ഓഡിറ്റിംഗ് വിഭാഗം സർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ട്.