അധ്യാപികയെ കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ
1510147
Saturday, February 1, 2025 4:39 AM IST
ചെറായി: ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന സ്കൂൾ ടീച്ചറെ തടഞ്ഞുനിർത്തി കത്തിക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം മാണി ബസാർ കുരിശിങ്കൽ വീട്ടിൽ റിബിൻസൺ(49) ആണ് അറസ്റ്റിലായത്. പറവൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സ്കൂട്ടറിൽ വരികയായിരുന്ന അധ്യാപികയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കുത്തുന്നതിനിടെ ഹെൽമെറ്റിൽ തട്ടിയതിന് തുടർന്ന് ആദ്യം കത്തി വളഞ്ഞു പോയി. നെഞ്ചിൽ കുത്താനുള്ള ശ്രമം തടഞ്ഞ ടീച്ചറുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
സാമ്പത്തിക തർക്കമാണ് വധശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് മുനമ്പം എസ്ഐ ടി.ബി. ബിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞാറക്കൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.