ലഹരി വേട്ട: എത്തിച്ച് നൽകിയ യുവതിയും അറസ്റ്റിൽ
1510316
Sunday, February 2, 2025 3:59 AM IST
മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വൻ ലഹരി വേട്ടയിൽ മയക്കു മരുന്ന് എത്തിച്ച് നൽകിയ യുവതിയും പോലീസ് പിടിയിലായി. വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്ന(24)യെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പശ്ചിമ കൊച്ചിയിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മയക്കുമരുന്ന് എത്തിച്ച യുവതിയെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാഗി ആഷ്നയെ പിടികൂടിയത്. കൊച്ചി സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി പോലീസ് അസി. കമ്മീഷണർ പി.ബി. കിരൺ, നർകോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. അബ്ദുൾ സലാം എന്നിവരുടെ നിർദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെകടർമാരായ മിഥുൻ അശോക്, കെ.ഡി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് യുവതിയെ പിടികൂടിയത്.
മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലിസ് വ്യക്തമാക്കി.