തൃക്കാക്കരയിൽ : വാടകക്കുടിശിക ഒന്നരക്കോടി കവിഞ്ഞു; നഗരസഭാധികൃതർ കടകൾക്ക് പൂട്ടിട്ടു
1510125
Saturday, February 1, 2025 4:22 AM IST
കാക്കനാട്: നഗരസഭയുടെഉടമസ്ഥതയിലുള്ള കടമുറികൾ ലേലത്തിനെടുത്തവർ കൊല്ലങ്ങളായിവാടകനൽകാതായതോടെ കുടിശിക 1.70 കോടിയിലെത്തി. നഗരസഭാ കൗൺസിലർമാർ, മുൻ നഗരസഭാധ്യക്ഷയുടെ ഭർത്താവ് എന്നിവരടക്കം നഗരസഭയുടെ കടമുറികൾക്ക് സ്ഥിരമായി വാടക നൽകുന്നില്ല. 13 ലക്ഷം രൂപ ഈ ഇനത്തിൽ കുടിശിക വരുത്തിയ യുഡിഎഫ് കൗൺസിലർ സജീന അക്ബറിന്റെ ഭർത്താവ് കെ.കെ. അക്ബറിന്റെ കടമുറിക്കും നഗരസഭാ ഉദ്യോഗസ്ഥർ ഇന്നലെ താഴിട്ടു.
എൻജിഒ ക്വാർട്ടേഴ്സിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ചു കടമുറികളും, കാക്കനാട്ടെ നാലു കടമുറികളുമാണ് ഇന്നലെ പൂട്ടിയത്. പലവട്ടം നോട്ടീസ് നൽകിയിട്ടും കുടിശിക അടക്കാതെ തുറന്നു പ്രവർത്തിച്ചിരുന്ന കടമുറികളാണിവയെല്ലാം. 18 പേരുടെ കടമുറികളാണ് ഇന്നലെ പൂട്ടിയത്.
നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കടമുറികൾ പലതും വാടകയ്ക്ക് എടുത്തവരിൽ നല്ലൊരു ശതമാനം പേരും നഗരസഭാധികൃതർ അറിയാതെ തങ്ങൾക്കു ലഭിച്ച കടമുറികൾ മറിച്ചു വിറ്റെന്നും ആക്ഷേപമുണ്ട്.
നഗരസഭാ മന്ദിരത്തിനോടു ചേർന്നുള്ള കടമുറികളിൽ ഒന്നിലെ വാടകക്കാരൻ മരണപ്പെട്ടശേഷം കടമുറി നഗരസഭക്കു തിരികെ നൽകാതെ നാലു ലക്ഷം രൂപ അഡ്വാൻസിനത്തിലും 24,000 രൂപ പ്രതിമാസ വാടകയിനത്തിൽ ഈടാക്കിയും മരണപ്പെട്ട വാടകക്കാരന്റെ കുടുംബം മറിച്ചുനൽകിയത് വിവാദമായിരുന്നു. നഗരസഭാ കൗൺസിലർമാരായ ചിലരും നഗരസഭയുടെ കടമുറികൾ ഉപയോഗിക്കുന്നുണ്ട്.
നഗരസഭാ മന്ദിരത്തോട് ചേർന്നുള്ള കട മുറികളിലൊന്നിൽ നാലു വനിതകൾ ചേർന്ന് ആരംഭിച്ച ന്യായവില കുടുംബശ്രീ ഹോട്ടൽ കുടുംബശ്രീമിഷൻ അധികൃതരറിയാതെ സിഡിഎസ് ഭാരവാഹികൾ മറ്റൊരു വനിതയ്ക്കു നടത്തിപ്പു ചുമതല നൽകിയതും കുടുംബശ്രീ വനിതകൾക്കിടയിൽ വിവാദമായിരുന്നു.
ഇതേ കുടുംബശ്രീ ഹോട്ടൽ നിലവിലെ നഗരസഭാ കൗൺസിലർക്ക് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരടക്കമുള്ളവർ മറിച്ചു നൽകിയത് ചട്ടവിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. അതേസമയം അനധികൃതമായി കടമുറികൾ കൈവശം വച്ചിട്ടുള്ളവരിൽ നിന്നും ഇവ തിരികെ പിടിക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ കൈക്കൊള്ളുമെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി.