ഇരുചക്ര വാഹന തട്ടിപ്പ് : വിശദമായ അന്വേഷണം വേണമെന്ന് എംഎൽഎ
1510343
Sunday, February 2, 2025 4:19 AM IST
മൂവാറ്റുപുഴ: വനിതകൾക്ക് പകുതി വിലക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഈ വിഷയം ഉന്നയിച്ചു എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് കത്തുനൽകി. അറസ്റ്റിലായ വ്യക്തിയുടെ സ്വത്ത് കണ്ടുക്കെട്ടുകയോ അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്യണം.
ഈ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. പ്രമുഖ കന്പനികളുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് അവരുടെ പണം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴയിൽ മാത്രം ഏകദേശം 10 കോടിയാണ് ഇത്തരത്തിൽ തട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം ഈ തട്ടിപ്പ് നടത്താനും ഏജൻസിക്ക് കഴിഞ്ഞതായി എംഎൽഎ പറഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന വാഹനം പകുതി തുകയ്ക്ക് നൽകുമെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയത്.
ആദ്യം ചെറിയ ഉപകരണങ്ങൾ നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇവർ വലിയ തോതിൽ തട്ടിപ്പ് നടത്തിയത്. ആദ്യ ഘട്ടത്തിൽ പണം അടച്ച കുറച്ചു പേർക്ക് വാഹനം നൽകി. ഇത് വിശ്വാസ്യമായതോടെയാണ് കൂടുതൽ വനിതകൾ പണം നൽകി വഞ്ചിക്കപ്പെട്ടത്.