സീപോർട്ട്-എയർപോർട്ട് റോഡ് വികസനം : എൻഎഡിയുമായുള്ള ധാരണാപത്രം കൈമാറി
1510120
Saturday, February 1, 2025 4:22 AM IST
കളമശേരി: എറണാകുളത്തെ പൊതുഗതാഗത രംഗത്തു വൻമാറ്റങ്ങൾക്കു വഴിയൊരുക്കുന്ന സീ പോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ടു സ്ഥലം വിട്ടു കിട്ടുന്നതിനായി പ്രതിരോധ വകുപ്പിനു കീഴിലുള്ള നാഷണൽ ആംഡ് ഡിപ്പോയും (എൻഎഡി) കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോർപറേഷനും (ആർബിഡിസികെ) തമ്മിലുള്ള ധാരണാപത്രം വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കൈമാറി.
എൻഎഡി ചീഫ് ജനറൽ മാനേജർ ബി.പി. സിംഗ്, ആർ ബിഡിസികെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസിനു രേഖ കൈമാറി. കളമശേരി പത്തടിപ്പാലം ഗസ്റ്റ് ഹൗസ് ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണു ധാരണാപത്രം കൈമാറിയത്.
വ്യവസ്ഥ പ്രകാരം ഭൂമി വിലയായി 23.11 കോടി രൂപ എൻഎഡിക്കു കൈമാറിക്കഴിഞ്ഞു. എച്ച്എംടി ജംഗ്ഷൻ മുതൽ തൊരപ്പു വരെ 5.5 മീറ്റർ വീതി കൂട്ടുന്നതിനൊപ്പം ചുറ്റുമതിലും കൈമാറ്റം ചെയ്തു ലഭിച്ച ഭൂമിയിൽ നിർമിക്കും. 38 കോടിയാണ് ഇവിടെ മൊത്തം ചെലവ് കണക്കാക്കിയത്.
എച്ച്എംടി ഭൂമി വില കൂടി കണക്കിലെടുക്കുമ്പോൾ കേന്ദ്ര സർക്കാരിന് 64 കോടിയാണു നൽകേണ്ടി വന്നത്. അങ്ങിനെ വരുമ്പോൾ ഒരു കിലോമീറ്റർ റോഡിന് 81 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. എന്തു വില കൊടുത്തും നിർദിഷ്ട റോഡ് വികസന പദ്ധതി പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെനന്നു മന്ത്രി പറഞ്ഞു.
ഇതിനൊപ്പം മഹിളാലയം, ചൊവ്വര എന്നിവിടങ്ങളിലെ റോഡു പണികളും സമയബന്ധിതമായി പൂർത്തിയാക്കും. മഹിളാലയം മുതൽ ആറു കിലോമീറ്ററിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കിഫ്ബി അനുവദിച്ച 540 കോടി രൂപയാണു ഇതിനു ചെലവ്. ചൊവ്വര മുതൽ എയർ പോർട്ട് വരെ 4.4 കിലോമീറ്റർ വികസനത്തിന് 210 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറേറ്റ് ഭാഗത്തു വീതി കൂട്ടുന്ന പണികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അതിവേഗം പൂർത്തിയാക്കും. കൊച്ചിയുടെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും സീപോർട്ട് - എയർപോർട്ട് റോഡു വികസനമെന്നു മന്ത്രി പറഞ്ഞു.
പ്രതിരോധ വകുപ്പുമായി വ്യവസായ മന്ത്രി നടത്തിയ നിരന്തര ഇടപെടൽ മൂലമാണ് 23 വർഷത്തിനു ശേഷം പദ്ധതി യാഥാർഥ്യമാകുന്നതെന്നു ആർബിസിസികെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. സീപോർട്ട് - എയർപോർട്ട് റോഡ് വികസനത്തിനായി ഒന്നിച്ചു പ്രവർത്തിക്കുമെന്നു എൻഎഡി ചീഫ് ജനറൽ മാനേജർ ബി.പി. സിംഗും അറിയിച്ചു.