ജില്ലാ ക്ഷീരസംഗമം ഇന്ന് തിരുമാറാടിയിൽ
1510148
Saturday, February 1, 2025 4:39 AM IST
തിരുമാറാടി: എറണാകുളം ജില്ലാ ക്ഷീരസംഗമം ഇന്ന് തിരുമാറാടിയിൽ നടക്കും. ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
തിരുമാറാടി ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ രാവിലെ എട്ടിന് സി.എൻ. വൽസലൻ പിള്ള പതാകയുയർത്തും.
തുടർന്ന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ‘സമന്വയം’ ക്ഷീരവികസന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും. ഉച്ചയ്ക്ക് 12നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ മികച്ച ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളെയും മറ്റ് സമ്മാനാർഹരെയും ചടങ്ങിൽ ആദരിക്കും.