കല രാജു ആശുപത്രി വിട്ടു
1510146
Saturday, February 1, 2025 4:39 AM IST
കൂത്താട്ടുകുളം: 14 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സിപിഎം നഗരസഭാംഗം കല രാജു കൂത്താട്ടുകുളത്തെ വീട്ടിൽ തിരിച്ചെത്തി. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കല രാജു ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. രണ്ടാഴ്ചത്തെ വിശ്രമം കൂടി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.
രാഷ്ട്രീയ തീരുമാനങ്ങൾ വളരെ ആലോചിച്ച് കൈക്കൊള്ളുമെന്നും കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ തയാറല്ലെന്നും പറഞ്ഞ അവർ മൂന്നിന് നടക്കുന്ന കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
നിലവിൽ പല ഭാഗങ്ങളിൽനിന്നും ഭീഷണി നിലനിൽക്കുന്നതുകൊണ്ട് തുടർന്നുള്ള ദിവസങ്ങളിലും പോലീസ് സംരക്ഷണം ലഭിക്കാനായി കോടതിയെ സമീപിക്കും. പാർട്ടിയോട് യാതൊരു വിദ്വേഷവുമില്ലെന്നും പാർട്ടിക്കുള്ളിൽ ചില വ്യക്തികളാണ് തനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതെന്നും കല പറഞ്ഞു.
മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ സിപിഎം നഗരസഭാംഗമായ തന്നെ ഇതുവരെ പാർട്ടി നേതൃത്വം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും കല പറഞ്ഞു. തന്നെ ആക്രമിച്ച പ്രതികളുടെ പേരുകൾ കൃത്യമായി പറഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറാകാത്തതിനുള്ള വിഷമവും കല രേഖപ്പെടുത്തി.
കൂത്താട്ടുകുളം നഗരസഭയിലെ വികസനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപിക്കുന്ന കാര്യങ്ങൾ ശരിയാണെന്നും സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും, മർദനമേറ്റ് സർക്കാർ ആശുപത്രിയിൽ എത്തിയ തനിക്ക് ആശുപത്രിയിൽ നിന്നും വേണ്ട ചികിത്സ ലഭിച്ചിട്ടില്ലെന്നും കല പറഞ്ഞു.
ആശുപത്രിവിട്ട കല രാജുവിനെ സന്ദർശിക്കാൻ പ്രതിപക്ഷ കൗണ്‍സിലർമാരും നേതാക്കളും വീട്ടിലെത്തി. ഭൂരിപക്ഷം നഷ്ടപ്പെട്ട നഗരസഭയുടെ ഭരണസമിതി രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.