ക്ഷീര കർഷകർക്ക് താങ്ങായി ഇനി ആംബുലൻസ് വീട്ടുമുറ്റത്തെത്തും
1510338
Sunday, February 2, 2025 4:19 AM IST
കൂത്താട്ടുകുളം: സംസ്ഥാനത്ത് 29 ബ്ലോക്കുകളിൽ ഡോക്ടറും മരുന്നുകളും ഉൾപ്പെടെ അത്യാധുനിക സൗകര്യമുള്ള വെറ്ററിനറി ആംബുലൻസ് പദ്ധതി നടപ്പാക്കിയെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. തിരുമാറാടിയിൽ ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും. ഇൻഷ്വറൻസ് പ്രീമിയത്തിന്റെ പകുതി തുക കർഷകർക്ക് സർക്കാർ സബ്സിഡി നൽകും.
വിവിധ കാരണങ്ങളാൽ ജീവൻ നഷ്ടപ്പെടുന്ന പശുക്കൾക്ക് വെറ്ററിനറി സർജന്റെ റിപ്പോർട്ട് പരിഗണിച്ച് ദുരന്തനിവാരണ ഫണ്ടിൽ നിന്നും 37,000 വരെ ഇപ്പോൾ നൽകുന്നുണ്ട്. വലിയ വിലയുള്ള പശുക്കളെ വളർത്തുന്ന കർഷകർക്ക് ഈ നഷ്ടപരിഹാരം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ഇൻഷ്വറൻസ് പദ്ധതി വ്യാപകമാക്കുന്നത്. പലിശ സർക്കാർ സബ്സിഡിയായി നൽകുന്ന ലോണുകൾ കർഷകർക്ക് നൽകിത്തുടങ്ങി.
കാക്കൂർ കാളവയൽ ഉൾപ്പെടെയുള്ള കാർഷികമേളകളുടെ നിയമ കുരുക്കുകൾ ഒഴിവാക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷതവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, മിൽമ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ജൂലി സാബു, ശ്രീകാന്ത് നന്ദനൻ. എം.എം. ജോർജ്, ഉല്ലാസ് തോമസ്, ജിൻസണ് പോൾ, രമ മുരളീധര കൈമൾ, സിനു ജോർജ് എന്നിവർ പ്രസംഗിച്ചു. ക്ഷീരകർഷക സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. സി.എസ്. രതീഷ് ബാബു സെമിനാർ നയിച്ചു.
കേരള ബാങ്കിന്റെ വായ്പ പദ്ധതികളെക്കുറിച്ച് സീനിയർ മാനേജർ ടി.എസ്. സിന്ധു ക്ലാസ് നയിച്ചു. മികച്ച ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും ക്ഷീര മേഖലയിൽ കൂടുതൽ പദ്ധതി വിഹിതം വെച്ചിട്ടുള്ള ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളെയും ആദരിച്ചു.