നെല്ലിമറ്റം സെന്റ് ജോസഫ്സ് സ്കൂളിൽ ഇന്റർ സ്കൂൾ ക്വിസ് നടത്തി
1510348
Sunday, February 2, 2025 4:21 AM IST
നെല്ലിമറ്റം: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമറ്റം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ മൂവാറ്റുപുഴ നിർമല കോളജ് ക്വിസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് സംഘടിപ്പിച്ചു.
19 സ്കൂളുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ ജുവാൻ ഷിന്റോ, എലിസബത്ത് എൽദോസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഇഷാൻ, ശ്രേയ മഹേഷ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നെടുമുറ്റം ഗവ. യുപി സ്കൂളിലെ ദേവദത്ത് സുബീഷ്, മേഘ്ന പ്രദീപ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. സ്കൂൾ മാനേജർ ഫാ. ജോർജ് കുരിശുംമൂട്ടിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 5001, 3001, 1001 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകി.
പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും നൽകി. പ്രധാനാധ്യാപകൻ വിനു ജോർജ്, അസി. വികാരി ഫാ. ജോസഫ് കുഞ്ചറക്കാട്ട്, സ്കൂൾ സ്റ്റാഫ് പ്രതിനിധി ഫെബി ജോസഫ് എന്നിവർ പ്രസംഗിച്ചു.