പാറ പൊട്ടിക്കൽ: വീടിനു മുകളിൽ കരിങ്കല്ല് വീണു
1510136
Saturday, February 1, 2025 4:29 AM IST
കല്ലൂർക്കാട്: പാറമടയിൽനിന്ന് വീടിനു മുകളിൽ കരിങ്കല്ല് വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലൂർക്കാട് മണിയന്ത്രം ചാറ്റുപാറയിൽ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പാറ പൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ച് തേവരോലിൽ സുരേഷ് ബാബുവിന്റെ വീടിനു മുകളിൽ വീഴുകയായിരുന്നു.
ഓടിനും ചുമരുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സുരേഷിന്റെ ഭാര്യ ഗീത മാത്രമേ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ മുൻവശത്ത് ഭിത്തിയോടു ചേർന്ന് ഓട് തകർത്ത് മുറ്റത്തേക്കാണ് കല്ലു വീണത്.
പുത്തൻപുരയ്ക്കൽ ജെയ്സന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തുന്ന എസ്ജെ ഗ്രാനൈറ്റ്സിന്റെ പാറമടയിൽ നിന്നാണ് മുന്നൂറു മീറ്ററോളം അകലെയുള്ള വീടിനു മുകളിലേക്ക് കല്ല് തെറിച്ചുവീണത്. ജില്ല കളക്ടർ, തഹസീൽദാർ, വില്ലേജ് ഓഫീസ്, മൈനിംഗ് ആന്‍ഡ് ജിയോളജി തുടങ്ങിയ ഓഫീസുകളിൽ വീട്ടുടമ പരാതി നൽകിയിട്ടുണ്ട്.