ഇരുചക്രവാഹന തട്ടിപ്പ്: പരാതികൾ ഏറുന്നു
1510312
Sunday, February 2, 2025 3:58 AM IST
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്രവാഹനം ഉൾപ്പടെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പരാതികൾ ഏറുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വനിതകളുൾപ്പെടെ നിരവധി പേരാണ് പരാതിയുമായി ഇന്നലെ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കുടയത്തൂർ ചൂരകുളങ്ങര അനന്ദു കൃഷ്ണ(26)നെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തതോടുകൂടിയാണ് വിവിധ സ്റ്റേഷനുകളിൽ തട്ടിപ്പിനിരയായവർ കൂട്ടമായി എത്തി പരാതി നൽകിയത്.
സീഡ് സൊസൈറ്റികൾ മുഖേന പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ, തയ്യൽ മെഷീനുകൾ, കാർഷിക ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ നൽകുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യഘട്ടത്തിൽ കുറേയധികം പേർക്ക് ഇവ ലഭിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ വലിയ ആഘോഷമായാണ് ഇവ വിതരണം ചെയ്തത്. ഇതേത്തുടർന്നാണ് കൂടുതൽ ആളുകൾ സൊസൈറ്റിയിൽ അംഗത്വം എടുത്ത് പണം അക്കൗണ്ട് വഴി കൈമാറിയത്.
സീഡ് സൊസൈറ്റി കോ-ഓർഡിനേറ്റർമാർ, പ്രമോട്ടർമാർ എന്നിവരെ നിയമിച്ച് വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തനം വിപുലീകരിക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് കോ-ഓർഡിനേറ്റർമാരും പ്രമോട്ടർമാരും ആക്കിയത്.
ഇതോടെ ജനങ്ങളുടെ വിശ്വാസം ആർജിക്കാനായതാണ് കൂടുതൽ പേർ സൊസൈറ്റിയിൽ അംഗത്വം എടുത്ത് പണം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്‍ഡിലാണ്.