ചുവപ്പുനാട കുരുക്കിൽ മംഗല്യക്കടവ് പാലം
1510134
Saturday, February 1, 2025 4:29 AM IST
മൂവാറ്റുപുഴ: ഏഴുവർഷം മുന്പ് തുക അനുവദിച്ച മംഗല്യക്കടവ് പാലത്തിന്റെ നിർമാണം ഇപ്പോഴും ചുവപ്പു നാടയിൽ. മുളവൂർ തോടിനു കുറുകെ മംഗല്യക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2018-19, 2019-20, സാന്പത്തിക വർഷങ്ങളിലായി 65 ലക്ഷമാണ് പാലം നിർമാണത്തിന് അന്ന് എംഎൽഎയായിരുന്ന എൽദോ ഏബ്രഹാം അനുവദിച്ചത്.
ആദ്യവർഷം 40 ലക്ഷവും രണ്ടാം വർഷം 25 ലക്ഷവുമാണ് ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചത്. തെരഞ്ഞെടുപ്പ് വന്നതോടെ വിസ്മൃതിയിലായ പാലത്തിന്റെ തുടർനടപടികൾ പിന്നീട് രണ്ടുവർഷത്തിനു ശേഷമാണ് ആരംഭിച്ചത്.
രണ്ടു തവണയായി തുക അനുവദിച്ചതിനാലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾമൂലം നടപടികൾ വീണ്ടും താമസിച്ചു. പായിപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും മറ്റും പൂർത്തിയാക്കുകയും ഒരുഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം വാങ്ങാൻ തുക വകയിരുത്തുകയും ചെയ്തിരുന്നു.
നൂറുകണക്കിനാളുകൾക്ക് ഉപകാരപ്രദമായ പാലം തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമാകാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പുതുപ്പാടി - ഇരുമലപ്പടി റോഡിലെ അറേക്കാട് കാവുംപടിയിൽ നിന്നാരംഭിച്ച് നിരപ്പ് കണ്ണാടി സിറ്റിയിൽ എത്തുന്ന റോഡിലാണ് 18 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള നിർദിഷ്ട പാലം നിർമിക്കുന്നത്.
നാലാം വാർഡിനെ വിഭജിച്ച് ഒഴുകുന്ന മുളവൂർ തോട്ടിലെ ഇരുകരകളിലുമുള്ളവർ നിലവിൽ രണ്ടു കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.