വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍ ഒരുക്കും
1510152
Saturday, February 1, 2025 4:45 AM IST
കൊച്ചി: കൊച്ചി നഗരത്തില്‍ രാത്രിയില്‍ വഴിയോരത്ത് ഉറങ്ങുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍ ഒരുക്കാൻ തീരുമാനം. ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും സംയുക്തമായാണ് അശരണര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ ഭിക്ഷാടന നിരോധനവുമായി ബന്ധപ്പെട്ട് മേയര്‍ എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൊച്ചി നഗരസഭയില്‍ ഭിക്ഷാടനത്തിനു നിരോധനം ഏർപ്പെടുത്തിയതാണ്. കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പീസ് വാലി ഫൗണ്ടേഷന് വഴിയോരത്ത് ഉറങ്ങുന്നവരുടെ ലിസ്റ്റ് തയാറാക്കിയിരുന്നു.
ഇതില്‍ രോഗികളെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ശരണാലയങ്ങളില്‍ സംരക്ഷിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.