കേന്ദ്രബജറ്റ് 2025 : കൊതിച്ചതൊന്നും കിട്ടാതെ കൊച്ചി ..!
1510308
Sunday, February 2, 2025 3:58 AM IST
സിജോ പൈനാടത്ത്
കൊച്ചി: ആദായനികുതി പരിധി ഉയര്‍ത്തിയതിലെ ആകര്‍ഷണീയത ആഘോഷിക്കപ്പെടുമ്പോഴും, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയുടെ കുതിപ്പിന് ഊര്‍ജം പകരാന്‍ കേന്ദ്ര ബജറ്റില്‍ പ്രത്യേക പരിഗണനകളില്ല.
അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ, ആരോഗ്യ, ഐടി വികസനത്തിനും മറ്റ് പൊതുവായ ആവശ്യങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ബജറ്റ് വിഹിതത്തിന്റെ പ്രയോജനം കൊച്ചിയ്ക്കും ഗുണം ചെയ്യുന്നതാണ്. എന്നാല്‍ മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളുടെയും നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് കാര്യമായ പ്രതീക്ഷ പകരാത്ത ബജറ്റാണിതെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു.
എഫ്എസിടി, ഐആര്‍ഇ, എച്ച്ഐഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്രം അവഗണന തുടരുകയാണെന്ന പരാതിയ്ക്കു ഈ ബജറ്റിലും പരിഹാരമായിട്ടില്ല. കൊച്ചി കപ്പല്‍ശാല പൂര്‍ണമായും പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നില്ല.
സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിലേക്കും വില്പനയിലേക്കും നീങ്ങുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാകാനാവുന്ന പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിച്ചിരുന്നതാണ്.
കേരളത്തിലെ പ്രധാന കയറ്റുമതി-ഇറക്കുമതി തുറമുഖം കൂടിയായ കൊച്ചിയ്ക്ക് ഈ രംഗത്തും പ്രത്യേക പദ്ധതികളൊന്നുമില്ലെന്നതും നിരാശയായി.
മെട്രോ ഓടിക്കണ്ടേ...?
കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തിലേക്കു നീങ്ങുന്ന ഘട്ടത്തില്‍, അതിന് ഊര്‍ജം പകരുന്ന പ്രഖ്യാപനങ്ങളും കേന്ദ്രധനമന്ത്രി നടത്തിയിട്ടില്ല. ഒന്നും രണ്ടും ഘട്ടങ്ങളിലായി കേന്ദ്രം അനുവദിക്കാനുള്ള 127 കോടി രൂപ ഇനിയും വരാനുണ്ട്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ വികസനത്തിനു കേന്ദ്രസഹായം അനിവാര്യമാകും.
മധ്യകേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിര്‍ദിഷ്ട ഗിഫ്റ്റ് സിറ്റിയെക്കുറിച്ചും ബജറ്റില്‍ സൂചനകളില്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും ഇതില്‍ കേന്ദ്രവിഹിതത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം അകന്നിട്ടില്ല.
മത്സ്യമേഖലയ്ക്ക് പാക്കേജ് എവിടെ?
കാലാവസ്ഥാ മാറ്റവും മത്സ്യക്ഷാമവും പ്രതിസന്ധിയിലാക്കിയ മത്സ്യമേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള പ്രത്യേക പദ്ധതികള്‍ കേരളം പ്രതീക്ഷിച്ചിരുന്നു. ഈ രംഗത്തെ പ്രശ്നപരിഹാരത്തിനും വികസനത്തിനുമായി കേന്ദ്രം സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നതു മത്സ്യത്തൊഴിലാളി മേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ അതിനോട് പുതിയ ബജറ്റും മുഖം തിരിച്ചു.
അതേസമയം ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്ക് ഗുണകരമാകുന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസത്തിന് കൈത്താങ്ങ്
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കു ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ നേട്ടം കൊച്ചിക്കും ഗുണകരമാകും. ഹോം സ്റ്റേകള്‍ നടത്തുന്നതിനു മുദ്ര ലോണ്‍ അനുവദിക്കാനുള്ള ബജറ്റ് പ്രഖ്യാപനം ഈ രംഗത്തു കൂടുതല്‍ സംരംഭക, തൊഴില്‍ സാധ്യതകള്‍ തുറക്കാന്‍ വഴിയൊരുക്കും.
വിദേശ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന കൊച്ചിയിലും പരിസരങ്ങളിലും ടൂറിസം മേഖലയുടെ ഉണര്വിന് ബജറ്റ് പ്രഖ്യാപനം നിമിത്തമാകുമെന്നാണു പ്രതീക്ഷ.
നഗര മേഖലയിലെ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗം ഉറപ്പാക്കുന്നതിനും അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനുമായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമന്റെ പ്രഖ്യാപനമുണ്ട്. ഇതു പ്രായോഗികതലത്തിലേക്ക് എങ്ങനെയെന്നതറിയാൻ കാത്തിരിക്കണം.
ഐഐ സെന്റര്‍ ഓഫ് എക്സലന്‍സ് കിട്ടുമോ?
നിര്‍മിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ടു ഗവേഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കുമായി രാജ്യത്ത് അഞ്ചു മികവിന്റെ കേന്ദ്രങ്ങള്‍ (സെന്റര്‍ ഓഫ് എക്സലന്‍സ്) സ്ഥാപിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിലൊന്ന് കൊച്ചിയിലാകുമെന്നാണ് പ്രതീക്ഷ.
‘മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ ആശയത്തില്‍ ഉത്പാദനത്തിനാവശ്യമായ നൈപുണ്യം നല്കി രാജ്യത്തെ യുവതയെ സജ്ജരാക്കുകയാണ് ദേശീയ മികവു കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എഐ ഉൾപ്പെടെയുള്ള ഐടി ഗവേഷണ, സ്റ്റാര്‍ട്ടപ്പ് രംഗങ്ങളില്‍ ആഗോളതലത്തില്‍ സംഭാവനകള്‍ നല്കുന്ന മികച്ച സ്ഥാപനങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ചുണ്ട്.
നിര്‍മിതബുദ്ധിയില്‍ വലിയ മുന്നേറ്റം നടത്തുന്ന അന്താരാഷ്ട്ര കമ്പനികളും കൊച്ചിയിലെ ഇൻഫോപാർക്കും അനുബന്ധ കേന്ദ്രങ്ങളും ബിസിനസ് വികസനത്തിനുള്ള ഇടമായി കണക്കാക്കുന്നുണ്ട്.
ഐഐയുമായി ബന്ധപ്പെട്ട ചിപ്പുകള്‍ രൂപകല്പന ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളും കൊച്ചിയിലുണ്ട്. ഈ ഘടകങ്ങളെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, എഐയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് കൂടി എത്തിയാല്‍ കൊച്ചി രാജ്യത്തിന്റെ ഐടി ഹബായി വളരാനുള്ള ശ്രമങ്ങളില്‍ പൊന്‍തൂവലാകും.
കേന്ദ്രസര്‍ക്കാര്‍ നിലവിലെ രാഷ്ട്രീയ പരിഗണനകള്‍ മാറ്റിവച്ച് തീരുമാനമെടുത്താലേ സെന്റര്‍ ഓഫ് എക്സലന്‍സ് അനുവദിക്കുന്നതിലെ സാധ്യതകളിലെങ്കിലും കേരളം ഉണ്ടാകൂ.