മാലിന്യം തള്ളൽ : എൻഎഡി പരിസരത്ത് 100 നീരീക്ഷണ കാമറകൾ സ്ഥാപിക്കും
1510322
Sunday, February 2, 2025 4:03 AM IST
ആലുവ: പൊതുസ്ഥലത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനായി ആലുവയിലെ നേവൽ ആയുധസംഭരണശാല പ്രധാന കേന്ദ്രങ്ങളിൽ 100 നിരീക്ഷണ കാമറകൾ സ്ഥാപിക്കും. വ്യവസായ മന്ത്രി പി. രാജീവുമായി എൻഎഡി ചീഫ് ജനറൽ മാനേജർ ബി.പി. സിംഗ് നടത്തിയ ചർച്ചയെ തുടർന്നാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
എൻഎഡി റോഡിലടക്കം കളമശേരി നിയോജക മണ്ഡഡലത്തിലാണ് കാമറകൾ സ്ഥാപിക്കുക. ആദ്യഘട്ടമായി ആറു കാമറകൾ ഉടൻ സ്ഥാപിക്കും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ നിയമപരമായി നടപടി സ്വീകരിക്കും. പ്രദേശത്ത് എൻഎഡി പട്രോളിംഗും ശക്തമാക്കും. ശുചിത്വത്തിനൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചിരുന്നു. വലിയ ജെസിബികൾ ഉൾപ്പെടെ ഉപയോഗിച്ച് ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്തത്.
എന്നാൽ വൃത്തിയാക്കിയതിനു ശേഷവും എൻഎഡി റോഡുൾപ്പെടെ ചില പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എൻഎഡി, കളമശേരി നഗരസഭ എന്നിവയുടെ സഹകരണത്തോടെ തുടർപദ്ധതിയായി വികസിപ്പിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.