ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായ സംഭവം : കെട്ടിടം വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചിരുന്നയാൾ അറസ്റ്റിൽ
1510311
Sunday, February 2, 2025 3:58 AM IST
പറവൂർ: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കേരളത്തിലേക്ക് നുഴഞ്ഞുകയറിയ 27 ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായ സംഭവത്തിൽ കെട്ടിടം വാടകയ്ക്കെടുത്ത് ഇവരെ താമസിപ്പിച്ചിരുന്ന മന്നം കുഴിയിലകത്ത് അർഷാദ് ഹുസൈനെ (54) അറസ്റ്റ് ചെയ്തു.
ചിറ്റാറ്റുകര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റാണ് ഹർഷാദ്. നുഴഞ്ഞുകയറ്റക്കാരായ വിദേശികളെ കണ്ടെത്താനുള്ള ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ മന്നത്തെ വാടകവീട്ടിൽ നിന്നാണു കഴിഞ്ഞദിവസം ബംഗ്ലദേശ് സ്വദേശികൾ പിടിയിലായത്. 27 പേരും റിമാൻഡിലാണ്. ഇവർ ബംഗ്ലാദേശ് സ്വദേശികളാണെന്നും, ഇവരുടെ രേഖകൾ വ്യാജമാണെന്നും ഹർഷാദിന് അറിയാമായിരുന്നെന്നു പോലീസ് പറഞ്ഞു.
പിടിയിലായ ബംഗ്ലാദേശ് സ്വദേശികൾക്കു തീവ്രവാദബന്ധങ്ങൾ ഉള്ളതായി സൂചനയൊന്നും ലഭിച്ചിട്ടില്ല. എല്ലാവരും ജോലി തേടി വന്നവരാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, ഇവരെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കേസിന്റെ നടപടികൾ പൂർത്തിയാക്കിയശേഷം മാത്രമേ ബംഗ്ലദേശിലേക്ക് തിരികെ അയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കൂവെന്നു പോലീസ് പറഞ്ഞു.