മണ്ണാന്തല തോട്ടിലേക്ക് മാലിന്യം : കർശന നടപടിയെടുക്കാൻ നിർദേശിച്ച് താലൂക്കുസഭ
1510340
Sunday, February 2, 2025 4:19 AM IST
മൂവാറ്റുപുഴ: നഗരസഭയിലെ മണ്ണാന്തല തോടിലേക്ക് ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടിയുമായി താലൂക്കുസഭ. തോട്ടിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയതിനെതിരേ കർശന നടപടിയെടുക്കുവാൻ നഗരസഭാ സെക്രട്ടറിക്ക് താലൂക്ക് സഭ നിർദേശം നൽകി. ഇന്ന് തന്നെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് കുറ്റക്കാർക്കെതിരേ കർശന നിയമ നടപടിയെടുത്ത് വിവരം റിപ്പോർട്ട് ചെയ്യുവാനാണ് താലൂക്ക്സഭ നിർദേശിച്ചത്.
താലൂക്കിൽ റീസർവേയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്ന വില്ലേജുകളിൽ ജാഗ്രതാ സമിതി ചേർന്ന് പ്രദേശത്തെ ജനങ്ങളെ റീസർവേ സംബന്ധിച്ച വിവരം അറിയിക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിനും റീസർവേ സംബന്ധിച്ച പരാതികൾ നേരിട്ട് സർവെയർമാരെ ബോധിപ്പിക്കുന്നതിനും താലൂക്കുസഭ ജനപ്രതിനിധികൾക്ക് നിർദേശം നൽകി.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലിലൂടെ ആവശ്യത്തിന് വെള്ളം ഒഴുകാത്തതു മൂലം കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി പഞ്ചായത്തുകളിലെ കൃഷി നശിക്കുന്നതായും പ്രശ്നം പരിഹരിക്കുന്നതിന് എംവിഐപി അധികൃതരോട് നടപടിയെടുക്കാനും നിർദേശിച്ചു. കീച്ചേരിപ്പടിയിൽ നിലവിലുള്ള ട്രാഫിക് പരിഷ്കരണം പുനപരിശോധിച്ച് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് കടത്തിവിടുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ ട്രാഫിക് പോലീസിന് നിർദേശം നൽകി.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർഡിഒ പി.എൻ. അനി, തഹസിൽദാർ രഞ്ജിത്ത് ജോർജ്, എൽആർ തഹസിൽദാർ എം.ജി. മുരളീധരൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.