സെൻട്രൽ കേരള സഹോദയ ബാസ്കറ്റ്ബോൾ : ഇലഞ്ഞി സെന്റ് ഫിലോമിനാസും കാർമൽ വാഴക്കുളവും ജേതാക്കൾ
1486333
Thursday, December 12, 2024 1:30 AM IST
ഇലഞ്ഞി: സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ബാസ്കറ്റ്ബോൾ മത്സരത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ഫിലോമിനാസ് ഇലഞ്ഞിയും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കാർമൽ വാഴക്കുളവും ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മേരിഗിരി കൂത്താട്ടുകുളവും സെന്റ് ജോസഫ് കോണ്‍വന്റ് സ്കൂൾ പുല്ലുവഴിയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ വിമല പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും കൂത്താട്ടുകുളം മേരിഗിരി സെക്കൻഡ് റണ്ണറപ്പുമായി. ബെസ്റ്റ് പ്ലെയറായി സെന്റ് ഫിലോമിനാസിലെ ദേവപ്രിയ സുനിലും കാർമലിലെ ആൽബി ബിറ്റയും തെരഞ്ഞെടുക്കപ്പെട്ടു. പ്രോമിസിംഗ് പ്ലെയർ അവാർഡിന് ജെസ്വിൻ മാത്യു (വിമല), ആൻ മരിയ ഐസക് (മേരിഗിരി) എന്നിവർ അർഹരായി.
മികച്ച പരിശീലകർക്കുള്ള അവാർഡ് പ്രിൻസ് മറ്റത്തിൽ (കാർമൽ), ക്ലിന്റ് ജോണി (സെന്റ് ഫിലോമിനാസ്) എന്നിവർ കരസ്ഥമാക്കി. സംസ്ഥാന സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ, ഫാ. ജോണ്‍ എർണ്യാകുളത്തിൽ, ഫാ. ജിത്തു തൊട്ടിയിൽ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.